
















ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ 50 വയസുകാരനായ തദ്ദേശീയന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സ് ലിജി ജോസഫ്. ചൊവ്വാഴ്ച വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങിന് സമീപമുള്ള ലാന്‍സിങ്ങിലാണ് സംഭവം.
തൊട്ടടുത്ത ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നീല്‍ ക്രോസ് വുഡ് (50) ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതറിഞ്ഞ് അയല്‍വാസികള്‍ ഓടിക്കൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലിജി, ആംബുലന്‍സ് ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ സിപിആര്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നീലിന്റെ ജീവന്‍ രക്ഷിക്കാനായത്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വര്‍ത്തിങ് ഹോസ്പിറ്റലിലെ ബോട്ടോള്‍ഫ്‌സ് സ്‌ട്രോക്ക് വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയാണ് ലിജി ജോസഫ്. അടിയന്തര സാഹചര്യങ്ങളില്‍ സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനവും ലിജി നേടിയിട്ടുണ്ട്. നഴ്‌സിങ് ജോലിക്കൊപ്പം കലാരംഗത്തും സജീവമായ ലിജി അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ്. മുമ്പ് കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന സമയത്തും ലിജിക്ക് സമാനമായൊരു അനുഭവമുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു വയോധിക കുഴഞ്ഞു വീണപ്പോള്‍ ലിജി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഈ സംഭവത്തിന്റെ ദുഖം ഇന്നും ലിജിയെ അലട്ടുന്നുണ്ട്. മരണമടഞ്ഞ വയോധികയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും പിന്നീട് കെയര്‍ ഹോമിലെത്തി ലിജിയുടെ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ വലിയ സന്തോഷത്തിലാണ് ലിജി.
സംഭവത്തിന് പിന്നാലെ അയല്‍വാസികള്‍ ലിജിയോടും കുടുംബത്തോടും നന്ദി അറിയിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഏകദേശം നാലു മാസം മുമ്പാണ് ലിജിയും കുടുംബവും നിലവിലെ താമസ സ്ഥലമായ ലാന്‍സിങ്ങിലേക്ക് എത്തിയത്. അതിന് മുമ്പ് ഗ്ലോസ്റ്റര്‍ഷെയറിലെ ട്യൂക്‌സ്ബറിയിലായിരുന്നു താമസം. നാലു വര്‍ഷം മുമ്പ് ജോലിക്കായി യുകെയിലെത്തിയ ലിജി നേരത്തെ ഖത്തറിലും മുംബൈയിലെ റിലയന്‍സ് ഹോസ്പിറ്റലിലും നഴ്‌സായി ജോലി ചെയ്തിട്ടുണഅട്. എറണാകുളം നെടുമ്പാശ്ശേരി തുരുത്ത്‌ശ്ശേരി സ്വദേശിയായ ലിജി കന്നപ്പള്ളി ദേവസി ഔസേപ്പിന്റെയും പയ്യമ്പിള്ളി ഔസേപ്പ് ലിസിയുടേയും മകളാണ്. എറണാകുളം കടമക്കുടി സ്വദേശിയായ ഭര്‍ത്താവ് ജയ്‌സണ്‍ മണവാളനും മക്കളായ കെയ്‌റിന്‍, കൈഡന്‍, കെയ്‌ലിന്‍ എന്നിവര്‍ക്കുമൊപ്പമാണ് ലിജിയുടെ താമസം. ജയ്‌സണ്‍ ഷോര്‍ഹാം -ബൈ-സീയിലെ കിങ്‌സ് ലാന്‍ഡ് ഹൗസ് കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നു. ലിജിയുടെ സഹോദരന്‍ ലിജോയും യുകെയിലാണ് ജോലി ചെയ്യുന്നത്.