
















ബ്രിട്ടനെ പറഞ്ഞ് പേടിപ്പിച്ച നഴ്‌സ് കൊലയാളിയുടെ കഥകള്‍ വെറും കഥകളെന്ന് ആരോപണം. ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റിന്റെ പരാജയം മറച്ചുവെയ്ക്കാന്‍ മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്ത ഒരു പ്രമുഖ കണ്‍സള്‍ട്ടന്റിന്റെ വെളിപ്പെടുത്തല്‍.
കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റില്‍ എടുത്താല്‍ പൊങ്ങാത്ത വിധം സമ്മര്‍ദം നേരിട്ടതായും, ഗുരുതര രോഗബാധിതരായ, മാസം തികയാത്ത നിരവധി കുഞ്ഞുങ്ങളെ ഇവിടെ പ്രവേശിപ്പിച്ചതുമാണ് മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നാണ് ഒരു ഡോക്ടര്‍ സണ്‍ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ അവസ്ഥയില്‍ മരണങ്ങള്‍ കൂടുതല്‍ സംഭവിച്ചപ്പോള്‍ ഇതെല്ലാം ലെറ്റ്ബിയുടെ തലയില്‍ മാത്രമായി ചുമത്തപ്പെടുകയാണ് ഉണ്ടായതെന്ന് ഈ ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഒരു നിരപരാധിയായ സ്ത്രീ ജയിലില്‍ പെട്ട് കിടക്കുന്നുവെന്ന് ആശങ്കയുണ്ട്. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെന്നതിന് തെളിവുകള്‍ പോലും ആവശ്യത്തിനില്ല', ഡോക്ടര്‍ പ്രതികരിക്കുന്നു.
ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റ് ഈ അവസ്ഥയിലും പൂട്ടിപ്പോകാതിരിക്കാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാരുണ്ടെങ്കില്‍ കുറ്റങ്ങള്‍ ഏതെങ്കിലും വ്യക്തിയുടെ തലയിലിടുകയാണ് വേണ്ടത്. മറ്റുള്ളവരുടെ തലയില്‍ കുറ്റം ചാര്‍ത്തുന്നത് മനുഷ്യസഹജമായ രീതിയാണ്, അദ്ദേഹം പറയുന്നു. 15 ജീവപര്യന്തങ്ങള്‍ അനുഭവിക്കുന്ന ലെറ്റ്ബിയെ ബലിയാടാക്കുകയായിരുന്നുവെന്ന് ഈ ഡോക്ടര്‍ വിശ്വസിക്കുന്നു. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മുന്‍ നഴ്‌സ് ലെറ്റ്ബി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.