
















ചുവപ്പുനാടയില്‍ കുടുങ്ങാതെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചാല്‍ വര്‍ഷത്തില്‍ 20,000 മരണങ്ങള്‍ ഒഴിവാക്കാനും, 33 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനും എന്‍എച്ച്എസിന് സാധിക്കുമെന്ന് റിപ്പോര്‍ട്ട്. അമിതമായ നിയന്ത്രണങ്ങളും, ഹൃസ്വകാല പദ്ധതികളും, അതിന് അനുസരിച്ചുള്ള ശേഷിയില്ലായ്മയും മൂലം ദശകങ്ങളായി ഹെല്‍ത്ത് സര്‍വ്വീസിന് കാര്യമായ മാറ്റങ്ങള്‍ സമ്മാനിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ കണ്ടെത്തി.
ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തെ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ, ജീവനക്കാരെ ശക്തിപ്പെടുത്തി, ക്യാപ്പിറ്റല്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ജീവനുകളും, പണവും ലാഭിക്കാമെന്ന് അവര്‍ പറയുന്നു. ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയുക, ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരെ കണ്ടെത്തുക, പ്രമേഹം പോലുള്ളവ നേരത്തെ കണ്ടെത്തുക എന്നിവയാണ് മരണങ്ങള്‍ തടയാനായി ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഉപദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍.
കൂടുതല്‍ പണം ചെലവഴിക്കാതെ തന്നെ 18,500 മുതല്‍ 20,600 മരണങ്ങള്‍ വരെ തടയാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന് പറയുമ്പോള്‍ കഠിനാധ്വാനം ചെയ്ത് മടുത്തിരിക്കുന്ന ജീവനക്കാര്‍ വീണ്ടും പണിയെടുക്കണമെന്ന സ്ഥിതി വരരുത്. മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങള്‍ നിലവിലെ രീതിയില്‍ നേടിയെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്, റിപ്പോര്‍ട്ട് പറയുന്നു.