
















യുകെയുടെ എയര്‍ ട്രാഫിക് സിസ്റ്റം വീണ്ടും കുഴപ്പത്തില്‍ ചാടിയതോടെ രണ്ടാഴ്ചയ്ക്കിടെ വിമാന സര്‍വ്വീസുകള്‍ വീണ്ടും പ്രതിസന്ധിയില്‍. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വ്വീസുകളില്‍ സാങ്കേതിക പ്രശ്‌നം ഉടലെടുത്തതോടെയാണ് വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടത്.
നാഷണല്‍ എയര്‍ ട്രാഫിക് സര്‍വ്വീസസിന്റെ സൗത്ത് എയ്ഷറര്‍ പ്രസ്റ്റ്‌വിക്കിലുള്ള രണ്ടാമത്തെ കണ്‍ട്രോള്‍ സെന്ററിലാണ് പ്രതിസന്ധി. ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിനൊപ്പം, നിരവധി വിമാന സര്‍വ്വീസുകള്‍ കുടുങ്ങി കിടക്കുകയും ചെയ്യുന്നു.
സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് പ്രശ്‌നം സാരമായി ബാധിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസും, ഈസി ജെറ്റും ഉള്‍പ്പെടെ എയര്‍ലൈനുകള്‍ സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്.
തടസ്സങ്ങള്‍ കുറയ്ക്കാന്‍ എയര്‍ലൈനുകളും, എയര്‍പോര്‍ട്ടുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് നാറ്റ്‌സ് വക്താവ് പ്രതികരിച്ചു. തടസ്സങ്ങള്‍ക്ക് വക്താവ് മാപ്പ് പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുന്‍പുണ്ടായ സാങ്കേതിക തടസ്സവുമായി ഇതിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.
സാങ്കേതിക പിഴവ് വേഗത്തില്‍ പരിഹരിച്ചെങ്കിലും തിങ്കളാഴ്ച ഏകദേശം 200 വിമാന സര്‍വ്വീസുകളെ പ്രതിസന്ധി ബാധിച്ചു. രണ്ടാഴ്ച മുന്‍പ് ഇംഗ്ലണ്ടിലെ നാറ്റ്‌സ് കണ്‍ട്രോള്‍ സെന്ററിലുണ്ടായ ഗുരുതര പ്രശ്‌നത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.