
















ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് മുതിര്‍ന്നവരും യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നതായി ഔദ്യോഗിക കണക്കുകള്‍. തലമുറകളെ എഴുതിത്തള്ളുന്ന വിധത്തിലുള്ള നടപടിയാണ് അരങ്ങേറുന്നതെന്നാണ് ഇതേക്കുറിച്ച് വിമര്‍ശനം ഉയരുന്നത്.
20 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ള 7.3 മില്ല്യണ്‍ ആളുകളാണ് ബെനഫിറ്റുകളെ പ്രധാന വരുമാന മാര്‍ഗ്ഗമാക്കി മാറ്റിയത്. ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകളാണ് ഈ ഞെട്ടിക്കുന്ന അവസ്ഥ പുറത്തെത്തിച്ചത്.
ഇംഗ്ലണ്ടിലും, വെയില്‍സിലും ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 20.3 ശതമാനം മുതിര്‍ന്നവരാണ് ഈ ബെനഫിറ്റ് പട്ടികയിലുള്ളതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് കണ്ടെത്തി. ഇതില്‍ 3.3 മില്ല്യണ്‍ ആളുകള്‍ കരിയര്‍ ഏറ്റവും നല്ല രീതിയില്‍ എത്തുന്ന 40 വയസ്സില്‍ താഴെയുള്ളവരാണെന്നും ക്യാംപെയിന്‍ ഗ്രൂപ്പ് പറയുന്നു.
ഡസന്‍ കണക്കിന് പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയുന്ന മുതിര്‍ന്നവരില്‍ നാലിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നു. ശരാശരി പ്രതിമാസം 1090 പൗണ്ടാണ് വെല്‍ഫെയര്‍ സിസ്റ്റം ജനങ്ങള്‍ക്ക് നല്‍കുന്നത്. ബ്ലാക്ക്പൂളാണ് ഇതില്‍ ഏറ്റവും മോശം സ്ഥാനത്തുള്ളത്. മൂന്നിലൊന്ന് ആളുകളാണ് ഇവിടെ ബെനഫിറ്റ് നേടി ജീവിക്കുന്നത്. 33.9 ശതമാനവുമായി ബര്‍മിംഗ്ഹാം, 32.6 ശതമാനവുമായി എന്‍ഫീല്‍ഡ് എന്നിവിടങ്ങളിലാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലായി 8.5 മില്ല്യണ്‍ പേരാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നത്. 80 ബില്ല്യണ്‍ പൗണ്ടിന്റെ വാര്‍ഷിക ബില്ലാണ് ഇത് വരുത്തിവെയ്ക്കുന്നത്. വിദേശ പൗരന്‍മാര്‍ താമസിക്കുന്ന വീടുകളിലേക്കാണ് ഇതില്‍ 11.9 ബില്ല്യണ്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പോകുന്നത്.