സ്വന്തം മണ്ണില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ ആദ്യ എതിരാളി ജമ്മു കശ്മീര്‍. കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ഗ്രൂപ്പ് സിയില്‍ ഫിബ്രവരി 21നാണ് കേരള-കശ്മീര്‍ പോരാട്ടം. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടക്കുന്ന യോഗ്യതാറൗണ്ട് മല്‍സരത്തിലെ ക്ലസ്റ്റര്‍ സിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കുറിച്ചാണ് കശ്മീര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഒപ്പത്തിനൊപ്പം പൊരുതിയ അസമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കശ്മീര്‍ ക്ലസ്റ്റര്‍ സിയില്‍ രണ്ടാമത്തെ വിജയം നേടിയത്. ആദ്യമത്സരത്തില്‍ രാജസ്ഥാനെ 3-1ന് കീഴടക്കിയ കശ്മീരിന് രണ്ടു മത്സരത്തില്‍ നിന്ന് ആറു പോയന്റായി. ക്ലസ്റ്ററിലെ നാലാമത്തെ ടീമായ ആന്‍ഡമാന്‍ നിക്കോബാര്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയതിനെത്തുടര്ന്നാണ് രണ്ടാമത്തെ വിജയത്തോടെ കശ്മീര്‍ യോഗ്യത ഉറപ്പാക്കിയത്. ക്ലസ്റ്റര്‍ സിയിലെ അവസാന മത്സരത്തില്‍ അസം രാജസ്ഥാനെ നേരിടും.
വാരാണസിയില്‍ നടക്കുന്ന ക്ലസ്റ്റര്‍ ഡി മല്‍സരത്തില്‍ സിക്കിം-മധ്യപ്രദേശ് മല്‍സരവും ത്രിപുര- പോണ്ടിച്ചേരി മല്‍സരവും 1-1 എന്ന സ്കോറില്‍ സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ ത്രിപുരയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മധ്യപ്രദേശിനും ഉത്തരാഖണ്ഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ പോണ്ടിച്ചേരിക്കും ഇതോടെ രണ്ടു കളികളില്‍ നിന്ന് നാല് പോയിന്റായി.