ഗ്രൂപ് എയിലെ നിര്ണായക മത്സരത്തില് ശ്രീലങ്കയോടേറ്റ 138 റണ്സിന്െറ തോല്വിയാണ് ടീമിന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില് അഞ്ച് വിക്കറ്റിന് 282 റണ്സെടുത്തു. ഇന്ത്യന് മറുപടി 42.2 ഓവറില് 144ല് ഒതുങ്ങി. പാകിസ്താനാണ് സൂപ്പര് സിക്സ് കാണാതെ മടങ്ങുന്ന മറ്റൊരു ടീം. ലങ്കയെ കൂടാതെ ഇംഗ്ളണ്ട്, വെസ്റ്റിന്ഡീസ്, ആസ്ട്രേലിയ, ന്യൂസിലന്ഡ്, ദക്ഷിണാഫ്രിക്ക എന്നിവരും ക്വാര്ട്ടര് ഫൈനല് റൗണ്ടില് കടന്നു.
ഗ്രൂപ് എയില് ഇന്ത്യക്കൊപ്പം രണ്ട് പോയന്റുള്ള വെസ്റ്റിന്ഡീസിന് ആതിഥേയരുടെ വന് തോല്വി നേട്ടമാവുകയായിരുന്നു. ഇന്ത്യ-ശ്രീലങ്ക മത്സരം തുടങ്ങുമ്പോള് റണ്റേറ്റില് പിറകിലായിരുന്നു കരീബിയന് വനിതകള്. വിന്ഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തി നാല് പോയന്േറാടെ ഗ്രൂപ് ജേതാക്കളായാണ് ഇംഗ്ളീഷ് വനിതകളുടെ സൂപ്പര് സിക്സ് പ്രവേശം.
ന്യൂസിലന്ഡിനെ ഏഴ് വിക്കറ്റിന് തോല്പിച്ച് ആറ് പോയന്റുമായി ഓസീസ് ഗ്രൂപ് ബി ചാമ്പ്യന്മാരായി. ദക്ഷിണാഫ്രിക്കയോട് 126 റണ്സിന്െറ പരാജയമാണ് പാക് ടീം ഏറ്റുവാങ്ങിയത്. കിവികള്ക്ക് നാലും ആഫ്രിക്കക്ക് രണ്ടും പോയന്റുള്ളപ്പോള് പാകിസ്താന് മൂന്ന് കളിയും തോറ്റു. സൂപ്പര് സിക്സ് മത്സരങ്ങള് വെള്ളിയാഴ്ച തുടങ്ങും.