സൗഹൃദത്തിന്റെ നൂലിഴ തീര്ക്കുന്ന കനലെരിയും പോരാട്ടം ബുധനാഴ്ച. നിലക്കാത്ത വെടിയൊച്ചകള്ക്കും അടങ്ങാത്ത· രോദനങ്ങള്ക്കുമിടയില് തുകല്പ്പന്ത് തട്ടി ക്കളിച്ച് തളരാത്ത· വീര്യത്തിന്െറ നേരടയാളങ്ങളായി മാറിയ ഫലസ്തീനിന്െറ തേരാളികള് ബുധനാഴ്ച സായം സന്ധ്യയില് ആതിഥേയരോട് അങ്കത്തിനിറങ്ങുമ്പോള് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് കളിയാവേശത്തിന് തീപിടിക്കും. വലുപ്പത്തില് ചെറുതെങ്കിലും കളിയുയരത്തില് ഇന്ത്യക്ക് മുമ്പന്മാരായ സന്ദര്ശകര്ക്ക് ജയത്തിനപ്പുറം കളിയിലാണ് കാര്യം. സൗഹൃദത്തിന്െറ പുതിയ മാനങ്ങള് കുറിച്ച് , കളിയഴകിന്െറ അവിസ്മരണീയ മുഹൂര്ത്തങ്ങളിലേക്ക് പന്തടിച്ച് ഒരുനാടിന്െറ ഹൃദയം കീഴടക്കുകയാണ് അവരുടെ ലക്ഷ്യം. പോര്ഭൂമിയില് അടരാടി ലോകഫുട്ബാളിന് വിസ്മയക്കാഴ്ചയായ എതിരാളികളോട് സ്വന്തം തട്ടകത്തില് കരുത്തുകാട്ടാന് വിം കോവര്മാന്സിന്െറ ശിക്ഷണത്തില് സുനില് ഛേത്രിയും സംഘവും കച്ച കെട്ടുമ്പോള് എട്ടു വര്ഷത്തെ ഇടവേളക്കുശേഷം വിരുന്നെത്തുന്ന അന്താരാഷ്ട്ര മത്സരം ഹൃദ്യമാകുമെന്ന കണക്കുകൂട്ടലില് കൊച്ചിയുടെ കാത്തിരിപ്പിന് ആകാംക്ഷയേറുന്നു.
കളിയെ നെഞ്ചേറ്റിയ മലയാളി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത് സ്വന്തം നാടിന്െറ വിജയം ആഘോഷിക്കാന് മാത്രമാകില്ല. പോരാട്ടത്തിന്െറ കനല് വഴികളില് കളിയുടെ സൗന്ദര്യ ശാസ്ത്രമറിഞ്ഞ കുഞ്ഞുജനതയെ പുണരാനുമായിരിക്കും.
സൗഹൃദത്തിന്െറ ചാലിടുന്ന കുമ്മായവരകള്ക്കകത്ത് ഇതാദ്യമായി മാറ്റുരക്കുന്ന ഇന്ത്യക്കും ഫലസ്തീനും എ.എഫ്.സി ചാലഞ്ച് കപ്പിനുള്ള തയാറെടുപ്പ് മത്സരം കൂടിയാണ് കൊച്ചിയിലേത്. ഫിഫയുടെ ഔദ്യാഗിക സൗഹൃദ മത്സരമായതിനാല് റാങ്കിങ് ഉയര്ത്താന് സഹായിക്കുമെന്നതും പോരിന് വീര്യമേറ്റുന്നു. പക്ഷേ, ഏറക്കുറെ രണ്ടാം നിരയെയാണ് ഫലസ്തീന് പരീക്ഷിക്കുന്നതെങ്കില് പരിചയസമ്പത്തിനൊപ്പം യുവത്വത്തിനും പ്രാധാന്യം നല്കിയാണ് ഡച്ചുകാരനായ കോവര്മാന്സ് ആതിഥേയ സംഘത്തെ ഒരുക്കിയിരിക്കുന്നത്. വിജയം ഏതുപക്ഷത്ത് എന്നതിനപ്പുറം കാണികളുടെ മനം ആര് കവരുമെന്നതാണ് ഈ സൗഹൃദ പോരാട്ടത്തിന്െറ ആകര്ഷണീയത.
ഇസ്രായേലിന്റെ നീരാളിപ്പിടിത്തത്തില് എരിഞ്ഞൊടുങ്ങാതെ വെല്ലുവിളികളെ അതിജയിക്കുന്ന ഫലസ്തീന്െറ സ്ഥിരം ടീമിലെ 12 പ്രഫഷനല് താരങ്ങള് കൊച്ചിയിലെത്തിയിട്ടില്ല. ഔദ്യാഗിക അംഗീകാരത്തിന്െറ ഒന്നര പതിറ്റാണ്ട് കാലം നീണ്ട ചരിത്രത്തില് ശ്രദ്ധേയ വിജയങ്ങള് കൊയ്ത ടീമിലെ പലരും മറ്റ് അറബ് രാഷ്ട്രങ്ങളിലും യൂറോപ്പിലും ക്ളബ് ഫുട്ബാളിന്െറ തിരക്കിലാണ്. പരിചയ സമ്പന്നനായ അബ്ദുല് ലത്തീഫ് അല്ബദരി നയിക്കുന്ന ടീമില് അഷ്റഫ് അല്ഫ വഫ്ര മാത്രമാണ് മറ്റൊരു പ്രഫഷനല് താരം. ടീമംഗങ്ങളുടെ ശരാശരി പ്രായം 23 ആണെന്നത് സംഘത്തിന്െറ ചോരത്തിളപ്പ് അറിയിക്കുംവിധമാണ്. ദേശീയ ടീമിലിടം പിടിക്കാന് പോന്ന ഒരു പറ്റം യുവതാരങ്ങള് ഈ സംഘത്തിലുണ്ടെന്ന് ജോര്ഡന്കാരനായ കോച്ച് ജമാല് മഹ്മൂദ് പറയുന്നത് വെറുതെയാകില്ല. പരിശീലകന്െറ റോള് ഏറ്റെടുത്ത ശേഷം ടീമില് പരിവര്ത്തനത്തിന്െറ വിത്തുപാകിയ ചരിത്രമാണ് ഈ 39കാരന്റെത്. സമീപകാലത്ത് ഖത്തറിനെയും സൗദി അറേബ്യയെയും സമനിലയില് തളച്ച ഫലസ്തീന് സിറിയ, ലബനന്,യമന് ടീമുകളെ തോല്പ്പിച്ചിട്ടുണ്ട്.കുവൈത്തിനോടും ഒമാനോടും പൊരുതി നിന്ന ശേഷം കീഴടങ്ങിയ ഫലസ്തീന് റാങ്കിങ്ങില് 152ാമതാണ്. ഇന്നത്തെ എതിരാളികളായ ആതിഥേയരെക്കാള് 14 ഇടം മുകളില്.
നെഹ്റു കപ്പില് കാമറൂണിനെ ടൈബ്രേക്കറില് തോല്പ്പിച്ച് കപ്പുയര്ത്തിയ ഇന്ത്യക്ക് അവസാന അന്താരാഷ്ട്ര മത്സരത്തില് സിംഗപ്പൂരിനോട് തോറ്റ കഥയാണ് പറയാനുള്ളത്. വീണ്ടുമൊരു സൗഹൃദമത്സരത്തില് നാളെയുടെ താരങ്ങളെ വാര്ത്തെടുക്കാനൊരുങ്ങുകയാണ് കോവര്മാന്സ്. സുനില് ഛേത്രി നയിക്കുന്ന ടീമില് പോയവര്ഷത്തെ മികച്ച താരം സെയ്ത് റഹീം നബിയാകും ശ്രദ്ധേയന്. മലയാളിയായ സി.കെ. വിനീതും അരാറ്റ ഇസുമിക്കൊപ്പം പുതുമുഖങ്ങളായ സന്ദീപ് തനിയും ലാല് കമല് ഭൗരിക്കും ശൗവിക് ഘോഷും ഗുര്ജീന്ദര് കുമാറുമൊക്കെ പുതുതായി ടീമിലിടം പിടിച്ചവരാണ്. ടീമിലെ സ്ഥിരാംഗങ്ങളില് പലര്ക്കും ഇത്തവണ നറുക്കുവീഴാത്തത് പലരുടെയും നെറ്റിചുളിപ്പിച്ചിട്ടുണ്ടെങ്കിലും തന്ത്രങ്ങള് വിജയത്തിലെത്തിക്കുകയാണ് കോവര്മാന്സിന്െറ ലക്ഷ്യം.
ഒരു അന്താരാഷ്ട്ര മത്സരത്തില് ആവശ്യമായ തയാറെടുപ്പുകള്ക്ക് ഇരുടീമിനും വേണ്ടത്ര സമയം ലഭിച്ചിട്ടില്ല. ഐ ലീഗ് പോരാട്ടങ്ങള്ക്കിടയിലാണ് ആതിഥേയര് ഒത്തുചേര്ന്നത്. വെറും ഒരാഴ്ച മുമ്പ് മാത്രം ം പ്രഖ്യാപിച്ചതാണ് ഫലസ്തീന്െറ യുവനിര. ദീര്ഘയാത്രയും കാലാവസ്ഥ വ്യതിയാനവും സമയമാറ്റവുമെല്ലാം ടീമിന് പ്രതികൂല ഘടകമാണ്. പക്ഷേ, ഒരിക്കല് കൂടി പോരിന്െറ വഴിയില് തളര്ന്നുവീഴുന്നവരല്ലെന്ന് തെളിയിക്കാന് കഠിന പരിശീലനത്തിലായിരുന്നു ഫലസ്തീന് സംഘം. സന്തോഷ്ട്രോഫിയുടെ ആരവങ്ങളിലേക്ക് കൊച്ചിയെ സന്നിവേശിപ്പിക്കുന്ന പോരാട്ടത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
ഇന്ത്യന് ടീം
ഗോള്കീപ്പര്മാര്: സുബ്രതാ പാല്, സന്ദീപ് നന്ദി, സുഭാശിഷ് റോയ് ചൗധരി.
ഡിഫന്ഡര്മാര്: നിര്മല് ഛേത്രി, ഗൗരമാംഗി സിങ്, ഷൗവിക് ഘോഷ്, സയ്യിദ് റഹിം നബി ഗുര്ജിന്ദര് കുമാര്, രാജു ഗെയ്ക്വാദ്, ഡെന്സില് ഫ്രാങ്കോ.
മിഡ്ഫീല്ഡര്മാര്: ലെനി റോഡ്രിഗസ്, ലാല്കമല് ഭൗമിക്, അരാറ്റ ഇസുമി, മെഹ്താബ് ഹുസൈന്, ഫ്രാന്സിസ് ഫെര്ണാണ്ടസ്, ജോക്വിം അബ്രാഞ്ചസ്, ആല്വിന് ജോര്ജ്, ജുവല് രാജ, ക്ളിഫോര്ഡ് മിറാന്ഡ, സി.കെ വിനീത്.
ഫോര്വേഡുകള്: സുനില് ഛേത്രി, മനന്ദീപ് സിങ്, സുശീല് കുമാര്.
ഫലസ്തീന് ടീം
തൗഫീക്ക് അബുഹമദ്, മുഹമ്മദ് സുബൈര് (ഗോളിമാര്) റയീദ് ഫറേസ്, നാദിം ബറാഖത്ത, ഖാദര് അബു ഹമദ്, ഇയാദ് ഖര്ക്കൂദ്, മൂസ അബു ജാസര്,അബ്ദുല് ലത്തീഫ് അല് ബദരി, ഖാലിദ് മഹ്ദി, മാലി കവാരെ, അശ്റഫ് അല്ഫവാഗ്ര, ഹുസാം അബു സാല, ഇമാദ് സത്താറ, മഹ്മൂദ് ഷെയ്ഖ് ഖാസിം, ഖാലിദ് സാലം, അബ്ദുല് റഹീം കാബിയ, അബ്ദുല് ഹമീദ് അബു ഹബീബ്, അഹ്മദ് സലാമ.