
















ആശുപത്രിയില്‍ വെച്ച് മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ രോഗിക്ക് 28 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. 57-കാരി ആച്ചീമ്മ ചെറിയാനെ മൂന്ന് തവണ കത്രിക ഉപയോഗിച്ച് രുത്തിയ രോഗിക്കാണ് കോടതി നീണ്ട ശിക്ഷ വിധിച്ചത്. 38-കാരന്‍ റൊമാന്‍ ഹഖാണ് കഴിഞ്ഞ വര്‍ഷം ജനുവരി 11-ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലില്‍ വെച്ച് ഗുരുതരമായി അക്രമം അഴിച്ചുവിട്ടത്.
മരുന്ന് നല്‍കാനായി അല്‍പ്പം കാത്തിരിക്കാന്‍ പറഞ്ഞതോടെയാണ് കുപിതനായ പ്രതി നഴ്‌സിനെ കത്രിക ഉപയോഗിച്ച് തലയിലും, നെഞ്ചിലും, കൈത്തണ്ടയിലും കുത്തിയത്. മിന്‍ഷല്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ നടന്ന വധശ്രമക്കേസ് വിചാരണയില്‍ 38-കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.കൈയില്‍ മൂര്‍ച്ചയുള്ള ആയുധം സൂക്ഷിച്ചതിനും ഇയാള്‍ കുറ്റസമ്മതം നടത്തി. 
മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗം നിര്‍ത്തിയതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുമായി അക്രമത്തിന് മൂന്ന് ദിവസം മുന്‍പാണ് ഓള്‍ഡാമില്‍ നിന്നുള്ള ഹാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമം നടക്കുന്ന രാത്രിയില്‍ ചെറിയാനോട് ഹെറോയിന് പകരം നല്‍കുന്ന മെത്തഡോണ്‍ ചോദിച്ചു. ഇവര്‍ ഒന്ന് കാത്തിരിക്കാന്‍ പറഞ്ഞപ്പോള്‍ നഴ്‌സിന്റെ പിന്നില്‍ നിന്നും അക്രമിച്ച് ഗുരുതര പരുക്കേല്‍പ്പിക്കുകയായിരുന്നു.
മറ്റ് ജീവനക്കാരെത്തിയാണ് അക്രമിയെ നഴ്‌സില്‍ നിന്നും അകറ്റിയത്. ആച്ചീമ്മ ചെറിയാന് അടിയന്തര ചികിത്സ നല്‍കിയ ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നു. അക്രമം 57-കാരിയായ നഴ്‌സിനെ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടിലേക്ക് നയിക്കുകയും ചെയ്തു.
'സീലിംഗില്‍ നിന്നും എന്തോ വീഴുകയാണെന്നാണ് ആദ്യം കരുതിയത്. കൈ പിന്നിലേക്ക് വെച്ചപ്പോള്‍ കൈ മുറിഞ്ഞ് ചോര വന്നപ്പോഴാണ് മുറിഞ്ഞെന്ന് തോന്നിയത്. പിന്നാലെ തലയിലും, മുഖത്തും, കഴുത്തിലും ചോര ഒഴുകി, യൂണിഫോം രക്തത്തില്‍ മുങ്ങി', ചെറിയാന്‍ വിചാരണയില്‍ പറഞ്ഞു.