
















ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വിര്‍ജിനിയ ജിഫ്രെ ആരോപിച്ചതോടെ കേസില്‍ പെട്ട ആന്‍ഡ്രൂ ഇതില്‍ നിന്നും തലയൂരാന്‍ 12 മില്ല്യണ്‍ പൗണ്ട് ഇറക്കിയെന്ന് നേരത്തെ വ്യക്തമായതാണ്. ഇതിനായി പണം കണ്ടെത്താന്‍ മുന്‍ രാജകുമാരന്‍ വന്‍തോതില്‍ പണം കടം വാങ്ങിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കടത്തില്‍ ഒരല്‍പ്പം പോലും ഇയാളെ തിരികെ നല്‍കിയതുമില്ല.
2022-ലാണ് കേസ് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പാക്കിയത്. 7 മില്ല്യണ്‍ പൗണ്ടാണ് അന്തരിച്ച രാജ്ഞിയില്‍ നിന്നും ആന്‍ഡ്രൂ ഇതിനായി കടം വാങ്ങിയത്. 3 മില്ല്യണ്‍ പൗണ്ട് ഫിലിപ്പ് രാജകുമാരന്റെ എസ്റ്റേറ്റില്‍ നിന്നും കടമെടുത്തു. അന്നത്തെ രാജകുമാരന്‍ ചാള്‍സ് 1.5 മില്ല്യണ്‍ പൗണ്ടും കടമായി നല്‍കി.
എന്നാല്‍ ഇതിലൊരു പെന്നി പോലും ആന്‍ഡ്രൂ തിരികെ നല്‍കിയില്ലെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു. സ്വിസ് സ്‌കീ ചാലെറ്റ് വിറ്റ് മില്ല്യണ്‍ കണക്കിനുള്ള കടം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല. ഈ പ്രോപ്പര്‍ട്ടിക്ക് മേലുണ്ടായിരുന്ന വലിയ മോര്‍ട്ട്‌ഗേജ് കടമാണ് ഇതിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജകുടുംബത്തില്‍ നിന്നും വാങ്ങിയ കടമാണ് വിര്‍ജിനിയ ജിഫ്രെയുമായുള്ള കേസില്‍ നിശബ്ദത വാങ്ങിയെടുത്തത്. 2022 ഫെബ്രുവരിയില്‍ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി വിവാദത്തില്‍ മുങ്ങുന്നത് ഒഴിവാക്കാനാണ് രാജകുടുംബം പണം കടം നല്‍കാന്‍ തയ്യാറായത്.