ബ്രക്‌സിറ്റിന്റെ പേരില്‍ ബ്രിട്ടന് പണികൊടുക്കണമെന്ന നിലപാടില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറുന്നതായി സൂചന. സ്വതന്ത്ര സഞ്ചാരം അനുവദിച്ചില്ലെങ്കില്‍ വ്യാപാര ബന്ധവുമില്ലെന്ന നേരത്തെയുള്ള ഭീഷണികളില്‍ നിന്നും പിന്‍വാങ്ങി യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാന്‍ അനുവദിക്കുകയാണ് ബ്രസല്‍സിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ തെരേസ മേയ് സര്‍ക്കാരിന്റെ വലിയ ബ്രക്‌സിറ്റ് വിജയമായി ഇത് മാറും. ബ്രിട്ടന് അവരുടെ അതിര്‍ത്തികളുടെ നിയന്ത്രണം കൈമാറുമ്പോള്‍ തന്നെ വ്യാപാരത്തിനുള്ള സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാന്‍ ഇയു അനുവദിക്കുമെന്നാണ് വിവരം.
തന്റെ ചെക്കേഴ്‌സ് ബ്രക്‌സിറ്റ് പദ്ധതിക്ക് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ തേടി തെരേസ മേയ് നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചനകള്‍ കൂടിയാണിത്. അടുത്ത മാര്‍ച്ചില്‍ യാതൊരു കരാറുമില്ലാതെ ബ്രിട്ടന്‍ ഇറങ്ങിപ്പോന്നേക്കുമെന്ന ആശങ്കള്‍ക്കിടെയാണ് ഈ വാര്‍ത്ത. യുകെയ്ക്ക് ഈ സൗകര്യം വെറുതെ അനുവദിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ബ്രസല്‍സ് ഇതിന് പകരം വെയ്ക്കുന്ന ആവശ്യങ്ങള്‍ ഏത് തരത്തിലാകുമെന്ന് വ്യക്തമല്ല. യുകെയെ ബ്രക്‌സിറ്റിന് ശേഷം ഇയുവുമായി ബന്ധിപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാകും അവര്‍ നടത്തുക.
പ്രത്യേകിച്ച് സ്വതന്ത്ര വ്യാപാര കരാറുകള്‍ രാജ്യം നേടാതിരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കാം. ഇയു എന്‍വയോണ്‍മെന്റ്, സോഷ്യല്‍, കസ്റ്റംസ് നിയമങ്ങള്‍ ബ്രിട്ടന്‍ അതേപടി പ്രാവര്‍ത്തികമാക്കണമെന്നാണ് അവരുടെ താല്‍പര്യം. അടുത്ത മാസം ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ അംഗരാജ്യങ്ങളുടെ മേധാവികള്‍ യോഗം ചേരുമ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇയു മുഖ്യ ബ്രക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയറിന്റെ മുന്‍കാല നിലപാടുകളില്‍ നിന്നും വ്യക്തമായ ചുവടുമാറ്റമാണ് ഇതോടെ നടപ്പാകുന്നത്.
ഇയു വ്യാപാര നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ മറ്റുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിടുതലാണ് തെരേസ മേയുടെ പദ്ധതി. ഇതുവഴി നിര്‍മ്മാണ കേന്ദ്രങ്ങളെയും, തൊഴിലുകളെയും സംരക്ഷിക്കാമെന്ന് യുകെ കണക്കുകൂട്ടുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറുകളെ ഇത് ബാധിക്കുമെന്ന ആശങ്ക മന്ത്രിസഭയില്‍ തന്നെ ചിലര്‍ പങ്കുവെയ്ക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചത് പോലൊരു ബ്രക്‌സിറ്റ് നല്‍കുമെന്ന വാഗ്ദാനം തെരേസ മേയ് എങ്ങിനെ പാലിക്കുമെന്ന് സംഭവിക്കുന്നത് വരെ ഒരു ഉറപ്പുമില്ല.