
















യുകെയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അസുഖം ബാധിച്ചാലും ഡ്യൂട്ടിക്ക് എത്തേണ്ടി വരുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ആവശ്യത്തിന് ജോലിക്കാര്‍ ലഭ്യമല്ലാത്തതിനാലാണ് ഈ അവസ്ഥ നേരിടുന്നതെന്നാണ് ആര്‍സിഎന്‍ കണ്ടെത്തിയിരിക്കുന്നത്.
20,000-ലേറെ നഴ്‌സിംഗ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് സിക്ക് ലീവ് എടുക്കേണ്ട ഘട്ടത്തിലും 66% പേരും ജോലിക്ക് എത്തിയതായി കണ്ടെത്തിയത്. 2017-ല്‍ ഇത് 47 ശതമാനമായിരുന്നു.
65% പേരാണ് അസുഖങ്ങള്‍ക്ക് കാരണമാകുന്നത് സമ്മര്‍ദമാണെന്ന് വെളിപ്പെടുത്തി. 2017-ല്‍ 50% പേരാണ് ഈ പരാതി ഉന്നയിച്ചത്. കോണ്‍ട്രാക്ട് സമയത്തിന് പുറത്ത് ആഴ്ചയില്‍ ഒരു വട്ടമെങ്കിലും അധിക ജോലി ചെയ്യേണ്ടി വരുന്നതായി പത്തില്‍ ഏഴ് പേര്‍ വ്യക്തമാക്കി. 52% പേരും അധിക വരുമാനം ലഭിക്കാതെയാണ് ഇത് ചെയ്യുന്നത്.
ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലായി 25,000 നഴ്‌സിംഗ് വേക്കന്‍സികള്‍ നിലവിലുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, ശ്രോതസ്സുകള്‍ ലഭ്യമല്ലാത്തതും ചേര്‍ന്നാണ് നഴ്‌സിംഗ് ജീവനക്കാരെ രോഗികളാക്കി മാറ്റുന്നതെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവും, ജനറല്‍ സെക്രട്ടറിയുമായി പ്രൊഫ. നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.
നഴ്‌സിംഗ് ജീവനക്കാര്‍ തകര്‍ന്നിരിക്കുകയാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നതായി റേഞ്ചര്‍ പറഞ്ഞു. നഴ്‌സിംഗ് വര്‍ക്ക്‌ഫോഴ്‌സ് വര്‍ദ്ധിക്കാന്‍ അടിയന്തര നിക്ഷേപം ആവശ്യമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. തൊഴില്‍ സാഹചര്യങ്ങളുടെ പേരില്‍ അംഗങ്ങളില്‍ നിന്നും ദിവസേന ആറ് കോള്‍ വീതം ലഭിക്കുന്നതായി ആര്‍സിഎന്‍ പറഞ്ഞു.