CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 37 Seconds Ago
Breaking Now

ജനത്തിന് മതിയായി, ഇനിയും വൈകിക്കരുത്; ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും മുന്‍പ് ബ്രക്‌സിറ്റ് നടപ്പാക്കാന്‍ എംപിമാര്‍ക്ക് അന്ത്യശാസനം നല്‍കി തെരേസ മേയ്; ജൂണ്‍ 30 വരെ ബ്രക്‌സിറ്റ് നീട്ടാന്‍ ഇയുവിനോട് ആവശ്യപ്പെട്ടു

കുട്ടികളുടെ സ്‌കൂളും, എന്‍എച്ച്എസും, കത്തി അക്രമണങ്ങളും ആശങ്കയാകുമ്പോഴും രാഷ്ട്രീയക്കാര്‍ ബ്രക്‌സിറ്റിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ട് ജനത്തിന് മതിയായി

ചില കാര്യങ്ങള്‍ തുടക്കം കുറിച്ചാല്‍ എങ്ങിനെയെങ്കിലും തീര്‍ന്നാല്‍ മതിയെന്ന് തോന്നിപ്പോകും. ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള ചുമതല ഏറ്റെടുത്ത പ്രധാനമന്ത്രി തെരേസ മേയ്ക്കും ഈ ചിന്ത തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. ഒരു വശത്തുള്ളവരെ തൃപ്തിപ്പെടുത്തി ഒരു കരാര്‍ തയ്യാറാക്കുമ്പോള്‍ മറുവശത്തുള്ളവര്‍ എതിര്‍ക്കും, അവരെ സന്തോഷിപ്പിച്ച് വ്യത്യാസം വരുത്തുമ്പോഴേക്കും ബ്രസല്‍സിലുള്ളവര്‍ എതിര്‍പ്പുമായി എത്തും. ആര്, എപ്പോള്‍, ഏത് വിഷയത്തില്‍ ബ്രക്‌സിറ്റ് കരാറിന് തുരങ്കം വെയ്ക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ ദൈവത്തിന് പോലും കഴിയാത്ത അവസ്ഥയിലാണ് ബ്രക്‌സിറ്റ് സമയപരിധി ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കണമെന്നാണ് ആവശ്യമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. പാര്‍ലമെന്റിന് മേലുള്ള വോട്ടര്‍മാരുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ തന്റെ കരാറിനെ പിന്തുണയ്ക്കാനും തെരേസ മേയ് എംപിമാരോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 29നുള്ളില്‍ കരാര്‍ തീരുമാനിച്ച് ഇയുവില്‍ നിന്നും പുറത്തുവരണമെന്നിരിക്കവെയാണ് ഈ പ്രഖ്യാപനം. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ ഖേദമുള്ളതായി തെരേസ മേയ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ബ്രക്‌സിറ്റ് മുന്നോട്ട് കൊണ്ടുപോകാന്‍ വീഴ്ചവരുത്തിയ എംപിമാരെ പ്രധാനമന്ത്രി കടന്നാക്രമിക്കുകയും ചെയ്തു. 

രാഷ്ട്രീയക്കാര്‍ ഒരു തീരുമാനം എടുക്കാനുള്ള സമയം ആഗതമായെന്ന് തെരേസ മേയ് ഓര്‍മ്മിപ്പിച്ചു. ബ്രസല്‍സില്‍ ചേരുന്ന സമ്മേളനത്തില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ ബ്രിട്ടന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഘടകമായി മാറും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായി കരാര്‍ തീരുമാനിക്കുകയോ, വൈകിപ്പിക്കാനുള്ള തീരുമാനം നേടുകയോ ചെയ്തില്ലെങ്കില്‍ നിയമപ്രകാരം ബ്രിട്ടന്‍ കരാര്‍ നേടാതെ ഇറങ്ങിപ്പോരേണ്ടിവരും. ഈ അവസ്ഥ ബ്രിട്ടന് വലിയ ആഘാതമാകുമെന്ന് വര്‍ഷങ്ങളായുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നതാണ്. 

മേയുടെ കരാര്‍ പരാജയപ്പെട്ടാല്‍ സമയം നീട്ടിനല്‍കില്ലെന്ന് ഇയു പറഞ്ഞിട്ടില്ല. എന്നാല്‍ രണ്ടാം ഹിതപരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകളും ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമെയാണ് കരാറില്ലാതെ പുറത്താകാനുള്ള അവസരവും ബാക്കിയുള്ളത്. 'പൊതുജനങ്ങള്‍ക്ക് മതിയാക്കിഴിഞ്ഞു. ഉള്‍പ്പോരും, രാഷ്ട്രീയ കളികളും കണ്ട് ജനം മടുത്തു. കുട്ടികളുടെ സ്‌കൂളും, എന്‍എച്ച്എസും, കത്തി അക്രമണങ്ങളും ആശങ്കയാകുമ്പോഴും രാഷ്ട്രീയക്കാര്‍ ബ്രക്‌സിറ്റിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ട് ജനത്തിന് മതിയായി. ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കണം. എംപിമാര്‍ ഇതില്‍ തീരുമാനമെടുക്കണം', തെരേസ മേയ് ആഞ്ഞടിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.