
















ഓട്ടിസം ബാധിച്ച ആ അഞ്ച് വയസ്സുകാരന് ഡംബോ എന്ന ഡിസ്‌നി ചിത്രം ഏറെ ആകാംക്ഷകള്‍ നല്‍കുന്നതായിരുന്നു. അവന്റെ കണ്ണില്‍ വിരിഞ്ഞ ആ മായാലോകം ഏറെ ത്രില്ലടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സിനിമാ ഹാളില്‍ ഇരുന്ന് ആ സന്തോഷം പ്രകടിപ്പിപ്പിച്ച അഞ്ച് വയസ്സുകാരന്റെയും അത് കണ്ട് അതിലേറെ സന്തോഷിക്കുകയും ചെയ്ത അമ്മയുടെയും സന്തോഷം ഏറെ നീണ്ടില്ല. ഓട്ടിസം ബാധിച്ച കുട്ടിയുടെ സന്തോഷപ്രകടനങ്ങള്‍ ബുദ്ധിമുട്ടായി രേഖപ്പെടുത്തി അടുത്തിരുന്ന കാണി പരാതിപ്പെട്ടതോടെയാണ് അമ്മയെയും മകനെയും സിനിമാ ഹാളില്‍ നിന്നും ഇറക്കിവിട്ടത്.
കെന്റിലെ ഫവര്‍ഷാമിലുള്ള റോയല്‍ സിനിമയിലാണ് 36-കാരി വിക്കി പേജ് അഞ്ച് വയസ്സുകാരന്‍ നോവയെയും, ഒന്‍പതും പത്തും വയസ്സുള്ള സഹോദരങ്ങളെയും കൂട്ടി ഡംബോ സിനിമ കാണാന്‍ എത്തിയത്. എന്നാല്‍ സിനിമ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കാണികള്‍ക്കിടയിലെ ഒരു സ്ത്രീ നോയയുടെ പെരുമാറ്റം മോശമാണെന്ന് വിധിയെഴുതി പരാതിയുമായി രംഗത്തെത്തി. സ്‌പെഷ്യല്‍ നീഡ്‌സ് സ്‌കൂളില്‍ പോകുന്ന നോവയെ വീട്ടില്‍ നിര്‍ത്തണമെന്നായിരുന്നു ഈ അപരിചിതയുടെ വാക്കുകള്‍. 
'നോവ വികൃതിയൊന്നും കാണിച്ചില്ല, സന്തോഷപ്രകടനം അല്‍പ്പം കൂടിപ്പോയിരുന്നു. ത്രില്ലടിക്കുമ്പോള്‍ അടക്കിയൊതുക്കി വെയ്ക്കാന്‍ അവന് വശമില്ല. ഡംബോ എന്ന ആനക്കുട്ടി പറന്നത് കണ്ടതോടെ സൂപ്പര്‍ഹിറോ ആണെന്ന് അവന്‍ ഉറക്കെ വിളിച്ച് പറഞ്ഞു. മുന്നിലുണ്ടായിരുന്ന ഒരു അമ്മയും മകനും ഇതോടെ കൂടെക്കൂടെ തിരിഞ്ഞ് നോക്കി. ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് മകന് ഓട്ടിസമാണെന്ന് പറഞ്ഞിട്ടും കുട്ടിയെ വീട്ടില്‍ നിര്‍ത്തണമെന്നായിരുന്നു പ്രതികരണം', അമ്മ വിക്കി വിശദീകരിക്കുന്നു.
അവരുടെ മുഖത്ത് ലവലേശം ദയവില്ലെന്ന് കണ്ടതോടെയാണ് സിനിമാ ഹാള്‍ വിട്ടിറങ്ങാന്‍ നിര്‍ബന്ധിതമായതെന്ന് ഇവര്‍ പറയുന്നു. എവിടെ പോയാലും മകനെ കുറിച്ചുള്ള മോശം കമന്റുകള്‍ ബുദ്ധിമുട്ടിക്കാറുണ്ട്. തന്റെ മകനെ പോലുള്ളവര്‍ക്കായി സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കണമെന്നാണ് വിക്കി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.