Breaking Now

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ജൂണ്‍ 29 ന് കൊടിയേറും;പ്രധാന തിരുന്നാള്‍ ജൂലൈ ആറിന്;മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍; ലൈവ് ഓര്‍ക്കസ്ട്രയും കോമഡിയും ഒത്തുചേരുന്ന മെഗാ ഷോ 29 ന് ;തിരുന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍.

ഇ മാസം 29 ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുക.

യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍. തോമാശ്‌ളീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സയുടെയും സംയുക്ത തിരുന്നാളിന് ജൂണ്‍ 29  ന് കൊടിയേറും.പ്രധാന തിരുന്നാള്‍ ജൂലൈ മാസം ആറാംതീയതി   ശനിയാഴ്ച നടക്കും.

മാഞ്ചസ്റ്റര്‍ മിഷന്‍ നിലവില്‍ വന്നശേഷം നടക്കുന്ന ആദ്യ തിരുന്നാള്‍ എന്ന പ്രത്യേകത കൂടി ഇ വര്‍ഷത്തെ തിരുന്നാളിനുണ്ട്.

കോടിയേറ്റത്തെ തുടര്‍ന്ന് ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും  നടക്കും.പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ആറാം  തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകും.മാഞ്ചെസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.

മലയാളത്തിന്റെ പ്ലേ ബാക് സിങ്ങര്‍ മാരായ സാം ശിവ,സുമി അരവിന്ദ് ,ബെന്നി മുക്കാടന്‍ ,ടിവി ആര്‍ട്ടിസ്റ്റുകളായ  ഷിനോ പോള്‍,അരാഫത് കടവില്‍,കോമഡി ഉത്സവം ഫെയിം നിസ്സാം കാലിക്കട്ട്,തുടങ്ങീ ഒട്ടേറെ കലാകാരന്മാര്‍ അണിനിരക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാനമേളയും,കോമഡിയും നിറയുന്ന സൂപ്പര്‍ മെഗാഷോ ഏവര്‍ക്കും നിരവിരുന്നാകും.തിരുന്നാള്‍ കൊടിയേറ്റ് ദിനമായ ജൂണ്‍ 29 നു വൈകുന്നേരം വിഥിന്‍ഷോ ഫോറം സെന്ററിലാണ് മെഗാ ഷോ അരങ്ങേറുക.പരിപാടിയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉത്ഘാടനം കഴിഞ്ഞ ദിവസം ഫാ.ജോസ് അഞ്ചാനിക്കല്‍ നിര്‍വഹിച്ചു.

ഇ മാസം   29  തിയതി ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുക.പിനീട് ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയില്‍ ആണ്.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍.

29  ന് ഉച്ച കഴിഞ്ഞു 3  ന് നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും  തുടര്‍ന്ന് ഷ്രൂഷ്ബറി രൂപതാ വികാരി ജെനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ ആണ്  തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക.തുടര്‍ന്ന് വൈകുന്നേരം 5.30 ന് വിഥിന്‍ഷോ ഫോറം സെന്ററില്‍  ലൈവ് ഓര്‍ക്കസ്ട്രയും കോമഡിയും ഒത്തുചേരുന്ന സൂപ്പര്‍ മെഗാഷോ നടക്കും.പിന്നണി ഗായകരും ,കലാകാരന്മാരും ഓര്‍ക്കസ്ട്ര ടീമും എല്ലാം നാട്ടില്‍ നിന്നും എത്തിച്ചേരും 

30  തീയതി ഞാറാഴ്ച വൈകുന്നേരം 4 നു നടക്കുന്ന  തിരുക്കര്‍മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.ജിനോ അരീക്കാട്ടും ,ജൂലൈ 1 തിങ്കളാഴ്ച വൈകുന്നേരം ആറിന്  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ ഫാ.മാത്യു പിണര്‍കാട്ടും ,ജൂലൈ രണ്ടാം തിയതി ഫാ.നിക്കോളാസ് കെണ്‍ ,മൂന്നാം തിയതി  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍പുത്തെന്‍പുര നാലാം തിയതി ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പില്‍ ജൂലൈ അഞ്ചാം തിയതിയിലെ തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും കാര്‍മ്മികരാകും.,

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ആറാം തീയതി രാവിലെ 10 ന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.തിരുന്നാളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും,വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍  കുര്‍ബാനക്ക് തുടക്കമാകും.

ദിവ്യബലിയെ തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും .പൊന്‍ വെള്ളി കുരിശുകളുടെയും,മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചെസ്റ്ററിന്റെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിര്‍വൃതിയാണ്.

പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവുംസ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നടക്കുന്നത്.യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററില്‍ ആയിരുന്നു.അന്ന് മുതല്‍ രാജ്യത്തിന്റെ പല  ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമാണ്  മാഞ്ചസ്റ്റര്‍ തിരുന്നാള്‍ .

ഇടവ വികാരി ഫാ ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റി മാരായ സിബി ,ബിജോയ്,ജോബി എന്നിവരുടെയും  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു .തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സിറോ മലബാര്‍ മാഞ്ചസ്റ്റര്‍ മിഷന്‍ കോര്‍ഡിനേറ്ററും ഇടവക വികാരിയും ആയ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്യുന്നു 

 

 
കൂടുതല്‍വാര്‍ത്തകള്‍.