മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് ദി അപ്പോസ്തല്‍ മിഷനില്‍ ഇരുപതിന്റെ നിറവില്‍ ആഘോഷിക്കുന്ന ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളാഘോഷങ്ങള്‍ക്ക് ഇന്ന് ഞായറാഴ്ച (29/6/25) കൊടിയേറും. ഇന്ന് വൈകുന്നേരം 3PM ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും, പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും അതിനെ തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കും. ദിവ്യബലിയെ തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിക്കലും ആരംഭിക്കും. ഇടവകയിലെ കുടുംബയൂണിറ്റുകളുടെ
ആഭിമുഖ്യത്തിലായിരിക്കും അമ്പെഴുന്നളിക്കലിന്റെ ക്രമീകരണങ്ങള്‍ നടത്തുന്നത്. ഓരോ വീടുകളിലും അമ്പെഴുന്നള്ളിച്ച് വച്ച് വി. സെബസ്ത്യാനോസിടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ പള്ളിയിലേക്ക് കൊടുക്കുന്ന ഉല്പന്നങ്ങള്‍ പള്ളിയില്‍ വച്ച് ലേലം ചെയ്യുന്നതാണ്
ഇടവക ദിനാഘോഷത്തോടനുബന്ധിച്ച് ഗ്രേഷ്യസ് - 2025 (GRATIAS - 2025) ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഇടവകയിലെ കുടുംബകൂട്ടായ്മകളുടെയും, മിഷനിലെ വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന വിവിധ കലാപരിപാടികള്‍ വര്‍ണാഭമായി. ജയന്‍ ജോണ്‍, ജെയിന്‍ ജിന്റില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കലാപരിപാടികള്‍ക്ക് ശേഷം നടന്ന പൊതു സമ്മേളനം മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ടോണി കുര്യന്‍ സ്വാഗതം ആശംസിച്ചു. ടിങ്കിള്‍ ഈപ്പന്‍, ബിജോയ് മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മഞ്ജു പള്ളം അവതാരകയായിരുന്നു. യോഗത്തില്‍ ഇടവകയിലെ വിവിധ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സമ്മേളനത്തില്‍ വച്ച് കഴിഞ്ഞ 20 വര്‍ഷക്കാലം മിഷനെ നയിച്ചവരേയും മിഷന്റെ പുരോഗതിക്കായി നിലകൊണ്ടവരേയും ആദരിച്ചു. കാറ്റിക്കിസം എക്‌സലന്‍സി അവാര്‍ഡുകളും വിതരണം ചെയ്തു. വൈകിട്ട്‌ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വില്ല്യം ഐസക് ചലച്ചിത്ര പിന്നണി ഗായിക ഡെല്‍സി നൈനാന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് കാണികളെ ള്ളക്കിമറിച്ചു. ഗായകരുടെ പാട്ടുകള്‍ക്കൊത്ത് ആടിയും പാടിയും കാണികള്‍ ഫോറം സെന്ററില്‍ ഇളകി മറിഞ്ഞു.
യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ആഘോഷങ്ങളുടെ ലഹരിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ഈ വര്‍ഷം തിരുന്നാളിന്റെ ഇരുപതാം വാര്‍ഷികം കൂടി ആയതിനാല്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററില്‍ നടക്കുന്നത്.
ഇന്ന് ജൂണ്‍ 29 ഞായറാഴ്ച കൊടിയേറി ജൂലൈ ആറ് ഞായറാഴ്ച തിരുന്നാള്‍ കൊടിയിറങ്ങുന്നതോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.പ്രധാന തിരുന്നാള്‍ ജൂലൈ 5 ശനിയാഴ്ച നടക്കും.
യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് റവ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സീറോമലബാര്‍ സമൂഹത്തിന്റെ ചുമതല വഹിച്ചിരുന്ന 2006 - ല്‍ മാഞ്ചസ്റ്ററിലായിരുന്നു. പിന്നീട് എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ആയി ആഘോഷിച്ചുവരികയാണ്. സജിയച്ചനെ തുടര്‍ന്ന് ചുമതല വഹിച്ചിരുന്ന റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ തുടങ്ങിയ വൈദികരും ഇപ്പോള്‍ മിഷന്‍ ഡയറക്ടായിരിക്കുന്ന റവ. ഫാ. ജോസ് കുന്നുംപുറവുമാണ് മിഷന്റെ ചുമതല വഹിച്ചു വന്നിരുന്നത്.
തോമാശ്ലീഹായുടെ തിരുനാളാഘോഷമായി ആരംഭിച്ച മാഞ്ചസ്റ്റര്‍ തിരുനാള്‍ പിന്നീട് വിശുദ്ധ അല്‍ഫോസാമ്മയുടെയും കൂടി സംയുക്ത തിരുന്നാളാഘോഷമായി മാറുകയാണുണ്ടായത്.
നാട്ടിലെ പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ എല്ലാം അതേ തനിമയോടെ മാഞ്ചസ്റ്ററില്‍ പുനരാവിഷ്‌കരിച്ചു കൊണ്ടാണ് കാലാകാലങ്ങളില്‍ ചുമതല വഹിച്ചിരുന്ന വൈദികരും, അത്മായ നേതൃത്വവും, ഇടവക സമൂഹം ഒരുമിച്ച് ചേര്‍ന്ന് മാഞ്ചസ്റ്റര്‍ തിരുന്നാളാഘോഷങ്ങള്‍ കെങ്കേമമാക്കി വന്നുകൊണ്ടിരിക്കുന്നത്. വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങളും, പൊന്‍ - വെള്ളി കുരിശുകളും, മുത്തുക്കുടകളും, കൊടിതോരണങ്ങളുമെല്ലാം നാട്ടില്‍നിന്നും എത്തിച്ചാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ കെങ്കേമമാക്കുന്നത്. പ്രവാസ ജീവിതത്തില്‍ നഷ്ടമാകുമായിരുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് യുകെയില്‍ 20 വര്‍ഷം മുന്‍പ് ആദ്യമായി തുടക്കം കുറിച്ചത് മാഞ്ചെസ്റ്ററിലാണെന്ന് ആദ്യകാലം മുതല്‍ ഇവിടെ സ്ഥിരതാമസമാക്കിയവര്‍ ഓര്‍മിക്കുന്നു.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിന്‍ഷോയില്‍ തലയുയത്തിനില്‍ക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക. മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാള്‍ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും,മുത്തുക്കുടകളും,ബാന്‍ഡ് മേളവും എല്ലാം കാണുവാന്‍ ഒട്ടേറെ തദ്ദേശീയരും വര്‍ഷാവര്‍ഷം എത്താറുണ്ട്. പ്രധാന തിരുന്നാള്‍ ദിനത്തില്‍ പൗരാണികതയും, പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദായകവും ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. പൊന്‍ - വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം ഇവിടുത്തെ സീറോ മലബാര്‍ മലയാളികള്‍ക്ക് വിശ്വാസ പ്രഘോഷണമാണ്.
നാളെ തിങ്കളാഴ്ചമുതല്‍ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളില്‍ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവക്കു വേണ്ടിയുള്ള നിയോഗങ്ങള്‍ സമര്‍പ്പിച്ചാവും തിരുക്കര്‍മങ്ങള്‍ നടക്കുക
നാളെ തിങ്കളാഴ്ച (30/6/25) മാഞ്ചസ്റ്റര്‍ ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാര്‍മ്മികവുമ്പോള്‍ ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സുനി പടിഞ്ഞാറേക്കരയും, ബുധനാഴ്ച്ച സാല്‍ഫോര്‍ഡ് സെന്റ് എവുപ്രാസ്യാ .മിഷന്‍ ഡയറക്ടര്‍ ഫാ. സാന്റോ വാഴേപറമ്പിലും മുഖ്യ കാര്‍മ്മികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ കാര്‍മ്മികനാവുമ്പോള്‍ വെള്ളിയാഴ്ച നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി ജോണ്‍ ഇടവഴിക്കലും കാര്‍മ്മികരാവും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും.ആഷ്ഫോര്‍ഡ് മാര്‍സ്ലീവാ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവുമ്പോള്‍ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും, സ്‌നേഹവിരുന്നും നടക്കും.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.തുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യന്‍, ജയന്‍ ജോണ്‍, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
തിരുനാളാഘോഷങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Antony's Church,
Dunkery Road,
Wythenshawe,
Manchester,
M22 0WR.