ഐസിസി ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും, ന്യൂസിലാന്‍ഡും ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ ഭീഷണിയുമായി മഴമേഘങ്ങള്‍. അടുത്ത അഞ്ച് ദിവസത്തേക്ക് യുകെയിലെ കാലാവസ്ഥ പ്രവചനങ്ങള്‍ ഒട്ടും ശുഭാപ്തി വിശ്വാസം നല്‍കുന്നില്ല. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആകാശം മേഘാവൃതമായതോടൊപ്പം ഇടയ്ക്കിടെ പെയ്യുന്ന മഴയും ആശങ്കയാകുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ചെറിയ ഇടവേള എടുക്കുമെങ്കിലും പിന്നീട് മഴ ശക്തിയാര്‍ജ്ജിക്കുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച വരെ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും, ഇടിമിന്നലിനും സാധ്യതയെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ജീവന് അപകടം സൃഷ്ടിക്കാവുന്ന കൊടുങ്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. വീടുകള്‍ വെള്ളപ്പൊക്കത്തില്‍ പെടാനും, ലക്ഷക്കണക്കിന് വാഹനങ്ങള്‍ യാത്രയില്‍ കുടുങ്ങാനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് പ്രവചനം.
വെള്ളിയാഴ്ചയോടെ അവസ്ഥ കൂടുതല്‍ ശക്തമാകും. മഴയും, മറ്റ് അവസ്ഥകളും കൂടുതല്‍ ദുരിതം സമ്മാനിക്കും. എന്നാല്‍ ശനിയാഴ്ച സമ്മര്‍ തിരിച്ചെത്തുമെന്നും കരുതുന്നു. ഇന്ത്യ, ന്യൂസിലാന്‍ഡ് മത്സരം ഇന്ന് നടന്നില്ലെങ്കില്‍ നാളെ കൂടി ഒരവസരം ലഭിക്കും. മത്സരം മുടങ്ങിയാല്‍ പോയിന്റ് നിലയില്‍ ഒന്നാമതുള്ള ഇന്ത്യ ഫൈനലില്‍ ഇടംപിടിക്കും. 15 ഓവറില്‍ കുറവ് മാത്രമാണ് എറിയാന്‍ സാധിക്കുന്നതെങ്കില്‍ കാണികള്‍ക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കും. 15.1 മുതല്‍ 29.5 ഓവര്‍ വരെയാണ് കളിക്കുന്നതെങ്കില്‍ 50% തുകയാകും തിരികെ ലഭിക്കുക.
രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന ഇംഗ്ലണ്ടും കാലാവസ്ഥയെ ഭയക്കുന്നു. മഴ മൂലം മത്സരം ഉപേക്ഷിക്കുന്ന ഘട്ടം വന്നാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഓസ്‌ട്രേലിയ ഫൈനലിലെത്തും. ഇതോടെ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കപ്പടിക്കാനുള്ള അവസരം ഇംഗ്ലണ്ടിന് നഷ്ടമാകുമെന്ന ആശങ്കയാണുള്ളത്.