
















ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കുന്നതിന് പകരം, ചികിത്സയ്ക്കായി കാത്തിരുത്തി ജീവന്‍ കവരുന്ന സ്ഥിതി. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളുടെയും ഹൃദയം തകര്‍ക്കുന്ന കാര്യമാണത്. എന്നാല്‍ എന്‍എച്ച്എസ് എ&ഇകളില്‍ നിസ്സഹായരായി പോകുന്ന മനുഷ്യരായി മാറുകയാണ് ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍.
യുകെയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വലിയ കുഴപ്പത്തിലായതിന് പിന്നില്‍ കോറിഡോര്‍ കെയര്‍ സാധാരണ വിഷയമായി കണക്കാക്കുന്നതിന് വലിയ പങ്കാണുള്ളതെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. ഇയാന്‍ ഹിഗിന്‍സണ്‍ പറഞ്ഞു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ സുദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ സംഭവിക്കുന്ന മരണങ്ങള്‍ രോഷം ഉയര്‍ത്തേണ്ട കാര്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.
യുകെയില്‍ നിലവില്‍ വിരലില്‍ എണ്ണാവുന്ന ഹോസ്പിറ്റലുകള്‍ മാത്രമാണ് രോഗികളെ കോറിഡോറില്‍ ട്രോളികളില്‍ വെച്ച് ചികിത്സിക്കുന്നത് ഒഴിവാക്കുന്നത്. ഇത്തരം ചികിത്സ ലഭിച്ചാല്‍ രോഗികള്‍ക്കും അതില്‍ അത്ഭുതമില്ലെന്നതാണ് അവസ്ഥ. അത്രത്തോളം ഈ പ്രശ്‌നം വ്യാപകമാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഈ വിധത്തിലുള്ള കെയര്‍ നല്‍കാന്‍ കഴിയില്ല, ഹിഗിന്‍സണ്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ആശുപത്രി ബെഡിനായി എ&ഇയിലെ കാത്തിരിപ്പ് കൊണ്ട് മാത്രം 16,600-ലേറെ മരണങ്ങളാണ് സംഭവിച്ചതെന്നാണ് ആര്‍സിഇഎം കണക്കാക്കുന്നത്. ആഴ്ചയില്‍ 320 രോഗികളുടെയെങ്കിലും മരണം ഈ കാത്തിരിപ്പ് മൂലം മാത്രം സംഭവിക്കുന്നുവെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്.
ഇത്രയേറെ രോഗികള്‍ ബസ് അപകടത്തിലോ, വിമാന അപകടത്തിലോ ആണ് മരിക്കുന്നതെങ്കില്‍ രോഷം ഉയരുമായിരുന്നു. എന്നാല്‍ എ&ഇകളില്‍ തന്നെ ഇത് നടക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ ഉന്നത തലങ്ങളില്‍ പോലും നടപടിയെടുക്കാനുള്ള സാധ്യതയിലേക്ക് നയിക്കുന്നില്ല, ഹിഗിന്‍സണ്‍ ചൂണ്ടിക്കാണിച്ചു.