
















സൗത്ത് ലണ്ടനിലെ ക്രോയ്ഡണില്‍ ജോലിക്കായി പോകവെ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് നേരെ ബസില്‍ അക്രമം. കത്തിയുമായി ബസില്‍ കയറിയ ബ്രിട്ടീഷുകാരിയാണ് ഇവരെ അക്രമിച്ചത്. 'ഇന്ത്യന്‍സ്' എന്നു വിളിച്ചാണ് അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തിന് ഇരയായ നഴ്‌സുമാരെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രിട്ടനില്‍ വംശീയത വര്‍ദ്ധിക്കുന്നുവെന്ന ആശങ്ക വര്‍ദ്ധിക്കുന്നതിനിടെയാണ് വിദേശ ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിച്ച് അതിക്രമം നടന്നിരിക്കുന്നത്. വംശവെറി രൂക്ഷമാകുകയും, അതിന് എന്‍എച്ച്എസ് ജീവനക്കാര്‍ ഇരയാകുകയും ചെയ്യുന്നത് ഞെട്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കുന്നതായും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടയിലാണ് പൊതുസ്ഥലത്ത് വെച്ച് മലയാളി നഴ്‌സുമാര്‍ക്ക് അതിക്രമം നേരിട്ടത്. 
ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് മലയാളി നഴ്‌സുമാര്‍ ക്രോയ്ഡണില്‍ നിന്നും ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യാനായി ബസില്‍ കയറിയത്. പത്തനംതിട്ട സ്വദേശികളായ സോബി, ഡെയ്‌സി എന്നിവരും, പുനലൂര്‍ സ്വദേശി അക്ഷിതയുമാണ് ഒരുമിച്ച് യാത്രക്കിറങ്ങിയത്. എന്നാല്‍ ഇതിനിടെ കത്തിയുമായി ഒരു സ്ത്രീ ബസില്‍ കയറി. സോബി ഇരുന്ന സീറ്റിന് മുന്നിലായിരുന്നു ഇവരുടെ അതിക്രമത്തിന് തുടക്കമായത്. തടയാന്‍ ശ്രമിച്ചതോടെ സോബിക്ക് മര്‍ദ്ദനമേറ്റു.
ഇതോടെ ഇടപെടാന്‍ ശ്രമിച്ച അക്ഷിതയെ വയറ്റില്‍ ചവിട്ടിവീഴ്ത്തി. കൂടാതെ ഡെയ്‌സിയെയും മര്‍ദ്ദിച്ചു. സോബി നാട്ടിലുള്ള കുടുംബവുമായി വീഡിയോ കോളില്‍ സംസാരിക്കുമ്പോഴാണ് അക്രമം അരങ്ങേറിയത്. ഇതോടെ കുടുംബവും ആശങ്കയിലായി. കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിഞ്ഞെങ്കിലും മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി.
പോലീസ് എത്തിയാണ് മൂന്ന് മലയാളി നഴ്‌സുമാരെയും ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. വംശീയ അക്രമമാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോലീസ് ഈ വിധത്തില്‍ കേസ് എടുത്തിട്ടുണ്ടോയെന്ന് ഈ ഘട്ടത്തില്‍ സ്ഥിരീകരണം ലഭ്യമായിട്ടില്ല.