കോമണ്‍സിന്റെ പുതിയ സ്പീക്കറായി ലേബര്‍ പാര്‍ട്ടിയിലെ സര്‍ ലിന്‍ഡ്‌സെ ഹോയിലിനെ തെരഞ്ഞെടുത്തു. ക്രിസ് ബ്രയന്റ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ലിന്‍ഡ്‌സെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജോണ്‍ ബെര്‍കോവിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടാനുള്ള പോരാട്ടത്തില്‍ അഞ്ച് മറ്റ് സ്ഥാനാര്‍ത്ഥികള്‍ വഴിയില്‍ വീണതോടെയാണ് അവസാന റൗണ്ട് പോരാട്ടം കടുത്തത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഡെപ്യൂട്ടി സ്പീക്കറായ സര്‍ ലിന്‍ഡ്‌സെ 325 എംപിമാരുടെ പിന്തുണയോടെയാണ് പ്രൊമോഷന്‍ തരപ്പെടുത്തിയത്. ബ്രയന്റിന് 213 പേരുടെ പിന്തുണയാണ് ലഭിച്ചത്. പരമ്പരാഗത രീതിയില്‍ കസേരയിലേക്ക് വലിച്ചിഴച്ചാണ് ലിന്‍ഡ്‌സെയെ കയറ്റിവിട്ടത്. രാജഭരണവുമായി ജനാധിപത്യം പോരാടിയ കാലത്ത് സ്പീക്കര്‍ കസേരയില്‍ ഇരിക്കുന്നവരുടെ തലതെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ ഓര്‍മ്മയ്ക്കാണ് വലിച്ചിഴക്കല്‍ ആചാരം.
പാര്‍ലമെന്റിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുമെന്നാണ് സര്‍ ലിന്‍ഡ്‌സെയുടെ പ്രഖ്യാപനം. ൨ വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്കും അദ്ദേഹം സ്മരണാഞ്ജലി അര്‍പ്പിച്ചു. 'ലോകത്തില്‍ തന്നെ എല്ലാവരും അസൂയയോടെ നോക്കുന്ന ബഹുമാന്യമായ മഹത്തായ സഭയായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോമണ്‍സിന്റെ ഉത്തരവാദിത്വങ്ങള്‍ പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്പീക്കര്‍ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയാണ് ബോറിസ് ജോണ്‍സണ്‍ പങ്കുവെച്ചത്. ഇതോടെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്ന ലിന്‍ഡ്‌സെ സീറ്റായ ഷോര്‍ലിയില്‍ നിന്ന് സ്വതന്ത്രനായി പ്രതിനിധീകരിക്കും.
താന്‍ ബ്രക്‌സിറ്റ് വിരുദ്ധനോ, അനുകൂലിയോ എന്ന് ഇതുവരെ ലിന്‍ഡ്‌സെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ മണ്ഡലമായ ഷോര്‍ലെ ബ്രക്‌സിറ്റിനെ പിന്തുണയ്ക്കുന്നു.