ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ 68 സീറ്റുകളെ ഭൂരിപക്ഷത്തോടെ ബോറിസ് ജോണ്‍സണ്‍ സസുഖം വിജയിച്ച് കയറുമെന്ന് സര്‍വ്വെ. 2017 പൊതുതെരഞ്ഞെടുപ്പ് കൃത്യതയോടെ പ്രവചിച്ച ഏക സര്‍വ്വെയായ യൂഗോവ് എംആര്‍പി അനാലിസിസ് ഫലങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തിയത്. 650 സീറ്റുകളില്‍ 359 സീറ്റുകള്‍ ടോറികള്‍ക്ക് ലഭിക്കുമെന്ന് സര്‍വ്വെ പറയുന്നു. 2017-ല്‍ 317 നേടിയ ഇടത്ത് നിന്നാണ് ഈ മുന്നേറ്റം.
43 ശതമാനം വോട്ടുകളും അവരുടെ പെട്ടിയില്‍ വീഴും. ഡിസംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ 1987ന് ശേഷമുള്ള ഏറ്റവും മികച്ച ടോറി പ്രകടനമായി ഇതുമാറും. അതേസമയം ലേബര്‍ പാര്‍ട്ടിക്ക് 211 സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ തവണ നേടിയ 262-ല്‍ നിന്നും താഴേക്ക് പതിക്കുമെന്നാണ് കരുതുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള അവരുടെ ഏറ്റവും മോശം തോല്‍വിയായി ഇത്തവണ മാറുമെന്നാണ് പ്രവചനങ്ങള്‍.
ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ഒരു സീറ്റ് മാത്രം വര്‍ദ്ധിച്ച് 13ല്‍ അവസാനിക്കും. വോട്ട് വിഹിതം എട്ടില്‍ നിന്നും 14 ശതമാനമായി ഉയരുമെന്നാണ് കരുതുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ എസ്എന്‍പി 43 സീറ്റ് പിടിക്കും, 8 സീറ്റിന്റെ വര്‍ദ്ധനവുണ്ട്. ഇവിടെ ടോറികള്‍ 2 സീറ്റ് മാത്രം നേടും. പുതിയ പ്രവചനങ്ങള്‍ ബോറിസിന്റെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെങ്കിലും ലേബര്‍ ക്യാംപിന് ആശങ്കകള്‍ ബാക്കിയാകും. രണ്ടാഴ്ച മാത്രമാണ് തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം. 2017 തെരഞ്ഞെടുപ്പില്‍ തെരേസ മേയുടെ ഭൂരിപക്ഷം നഷ്ടമാകുമെന്ന് പ്രവചിച്ച ഏക പഠനമായതിനാല്‍ യൂഗോവ് എംആര്‍പി ഏറെ ശ്രദ്ധ നേടുകയാണ്.
2017ല്‍ ലേബര്‍ വിജയിച്ച് കയറിയ പല സീറ്റുകളും ഇക്കുറി ടോറികള്‍ക്കൊപ്പം പോരുമെന്നും പഠനം വ്യക്തമാക്കി. സ്വതന്ത്രരായി മത്സരിക്കുന്ന പല പ്രമുഖരും തോല്‍വിയില്‍ തൃപ്തിയടയും. പ്രവചനങ്ങള്‍ കേള്‍ക്കാന്‍ സുഖമാണെങ്കിലും പോളിംഗ് സ്‌റ്റേഷനില്‍ ജനം ഇത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.