CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 18 Seconds Ago
Breaking Now

സിയാറയുടെ രോഷം ഒടുങ്ങി; ഇനി ഡെന്നീസ് കൊടുങ്കാറ്റ്; സീസണിലെ നാലാമത്തെ കൊടുങ്കാറ്റ് ജീവന് അപകടം വരുത്തും; 60 എംപിഎച്ച് വരെ കാറ്റ്; ഇംഗ്ലണ്ടും, വെയില്‍സും തണുപ്പിലും വിയര്‍ക്കും?

മരം വീണ് ഒരാള്‍ കൊല്ലപ്പെട്ടതോടെ മോശം കാലാവസ്ഥ മൂലമുള്ള മരണങ്ങള്‍ നാലായി

സിയാറ കൊടുങ്കാറ്റ് സൃഷ്ടിച്ച കനത്ത കാറ്റും, മഴയും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും പലയിടങ്ങളും മുക്തി നേടിയിട്ടില്ല. ഇതിനിടെ ഈ ആഴ്ചയില്‍ തന്നെ പുതിയൊരു കൊടുങ്കാറ്റ് രാജ്യത്തെ കാലാവസ്ഥ കൂടുതല്‍ ദുസ്സഹമാക്കുമെന്ന് മുന്നറിയിപ്പ്. ഡെന്നീസ് കൊടുങ്കാറ്റാണ് ബ്രിട്ടനിലേക്ക് വീശിയെത്തുന്നത്. ഈ സീസണിലെ നാലാമത്തെ കൊടുങ്കാറ്റ് ജീവന് അപകടം വരുത്തിവെയ്ക്കുമെന്ന മുന്നറിയിപ്പോടെയാണ് ശനിയാഴ്ച തേടിയെത്തുക. 97 എംപിഎച്ച് വരെ വേഗതയുള്ള കാറ്റും, ഏഴ് ഇഞ്ച് മഴയും പെയ്യിച്ച സിയാറ എത്തി ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് ഡെന്നീസിന്റെ വരവ്. 

ഇന്നലെ മരം വീണ് ഒരാള്‍ കൊല്ലപ്പെട്ടതോടെ മോശം കാലാവസ്ഥ മൂലമുള്ള മരണങ്ങള്‍ നാലായി. ലിവര്‍പൂള്‍ വൂള്‍ടണ്‍ ബ്ലാക് വുഡിലാണ് നായയുമായി നടക്കാന്‍ ഇറങ്ങിയ ആള്‍ മരിച്ചത്. ഇംഗ്ലണ്ടിന് ആകമാനം കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മെറ്റ് ഓഫീസ്. 'ശനിയാഴ്ച ഇംഗ്ലണ്ടിലും, വെയില്‍സിലുമായി മിക്ക ഇടങ്ങളിലും അതിശക്തമായ കാറ്റും, തടസ്സങ്ങളുമാണ് ഡെന്നീസ് കൊടുങ്കാറ്റ് സൃഷ്ടിക്കുക. 60 എംപിഎച്ച് വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുക', മെറ്റ് ഓഫീസ് വ്യക്തമാക്കി. 

വെസ്റ്റ്, സൗത്ത് തീരങ്ങളില്‍ 60-70 എംപിഎച്ച് വേഗതയിലാകും കാറ്റ്. ഇതിനൊപ്പം കനത്ത മഴ കൂടി അകമ്പടിയാകുന്നതോടെ അവസ്ഥ ദുസ്സഹമാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ കനക്കും. 3 ഇഞ്ച് വരെ മഴയാണ് പ്രവചിക്കപ്പെടുന്നത്. സിയാറ കൊടുങ്കാറ്റിനോളം മാരകമായി ഡെന്നീസ് കൊടുങ്കാറ്റ് മാറില്ലെന്ന് മാത്രമാണ് മെറ്റ് ഓഫീസ് നല്‍കുന്ന ആശ്വാസ വിവരം. 57 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 161 താരതമ്യേന ചെറിയ വെള്ളക്കെട്ടുകള്‍ക്കുമായി മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്.

വെള്ളിയാഴ്ച കിഴക്കന്‍ പ്രദേശങ്ങളിലേക്കും മഴ നീങ്ങും. ഡിവോണ്‍ ഉള്‍പ്പെടെയുള്ള സൗത്ത് പ്രദേശങ്ങളില്‍ മഞ്ഞ് പെയ്യുന്ന വേളയിലാണ് കൊടുങ്കാറ്റ് പ്രവചിക്കപ്പെടുന്നത്. കംബ്രിയയില്‍ സിയാറ കൊടുങ്കാറ്റ് മൂലം നാനൂറോളം പേര്‍ കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. വാട്ടര്‍ മെയിന്റെ 330 ഫീറ്റ് സെക്ഷന്‍ തകര്‍ന്നതോടെയാണ് പ്രദേശവാസികള്‍ക്ക് ടാപ്പ് വെള്ളം തടസ്സപ്പെട്ടത്. സൗജന്യമായി ബോട്ടില്‍ വെള്ളമാണ് നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.