ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് സുഖസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതായുള്ള വിവരം പുറത്തുവന്നതോടെ അണപൊട്ടി ജനരോഷം. രാജ്യത്തെ ജനങ്ങള്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ സമയമില്ലാത്ത എന്‍എച്ച്എസിലാണ് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിട്ടുള്ള ഒരു ഹോട്ടലിന് പുറത്ത് കുടിയേറ്റക്കാര്‍ക്ക് സൗജന്യ വിഗിന് അവകാശമുണ്ടെന്ന എന്‍എച്ച്എസ് കത്ത് കണ്ടെത്തിയതോടെയാണ് രോഷം വര്‍ദ്ധിച്ചത്. ഡെര്‍ബി ഹോട്ടലിലെ ഒരു കുടിയേറ്റക്കാരന്റെ പേരിലെത്തിയ കത്തിലാണ് ഇയാള്‍ക്കും, പങ്കാളിക്കും എന്‍എച്ച്എസില്‍ സൗജന്യ കണ്ണ് പരിശോധനയും, പ്രിസ്‌ക്രിപ്ഷനും, ഡെന്റല്‍ ചികിത്സയും, കണ്ണടയും, വിഗ്ഗും, വസ്ത്രത്തിനുള്ള പിന്തുണയും ലഭിച്ചതെന്ന് കുറിച്ചിരുന്നു.
ബ്രിട്ടനിലെ പൊതുജനത്തിന് ലഭിക്കാത്ത തോതിലുള്ള സേവനങ്ങളാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നതെന്ന് കത്ത് കണ്ടെത്തിയ പ്രദേശവാസികള്‍ ആരോപിക്കുന്നു. സ്വന്തം ഡെന്റല്‍ ചികിത്സയ്ക്കായി പണം കൊടുക്കേണ്ടി വരുന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അനധികൃതമായി പ്രവേശിച്ചവര്‍ക്ക് സൗജന്യ മുന്‍ഗണന ലഭിക്കുന്നത്.
ഇതിനിടെ ഫ്രാന്‍സില്‍ നിന്നും യുകെയിലേക്കുള്ള ഡിഞ്ചിയില്‍ കയറി വിലയേറിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചിരിച്ച് സെല്‍ഫിയെടുക്കുന്ന അനധികൃത കുടിയേറ്റക്കാരന്റെ ചിത്രം കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ്. ഞായറാഴ്ച 585 അഭയാര്‍ത്ഥികള്‍ കൂടി ഇംഗ്ലീഷ് ചാനല്‍ വഴി എത്തിയതോടെ ഈ വര്‍ഷത്തെ ആകെ കണക്ക് 19,000 കടന്നു. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ഫ്രഞ്ച് പോലീസ് തയ്യാറാകാതെ വരുന്നതോടെ ബ്രിട്ടീഷ് തീരത്ത് ഇവരെ പ്രവേശിപ്പിക്കുകയാണ്. ഇത് മനസ്സിലാക്കിയാണ് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക്.