CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 26 Seconds Ago
Breaking Now

കൊറോണയുടെ പേരില്‍ യുകെയില്‍ ഇന്ത്യക്കാര്‍ നേരിടുന്നത് തീവെട്ടിക്കൊള്ള; അരിക്കും, മറ്റ് അവശ്യ സാധനങ്ങള്‍ക്കും ഇരട്ടി വില; ഈ ചൂഷണം മിണ്ടാതെ സഹിക്കേണ്ട; സിഎംഎയ്ക്ക് പരാതി നല്‍കിയാല്‍ പിടിവീഴും!

വില എത്ര ഉയര്‍ന്നാലും സാധനങ്ങള്‍ വാങ്ങി ശേഖരിക്കുകയെന്ന ലക്ഷ്യത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍

കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ ആനുകൂല്യം മുതലെടുത്ത് യുകെയിലെ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന അവശ്യ സാധനങ്ങളുടെ വിലയില്‍ കനത്ത വര്‍ദ്ധനവ്. വില വര്‍ദ്ധനവിനൊപ്പം പൂഴ്ത്തിവെപ്പും കൂടി ഉയരുന്നതിനാല്‍ ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളും ഉപയോഗിക്കുന്ന അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയാണ് കുതിച്ചുയരുന്നത്. 9 പൗണ്ടിന് ലഭിച്ചിരുന്ന മട്ട അരിക്ക് ലണ്ടനില്‍ പലയിടത്തും 16 പൗണ്ട് വരെ ഈടാക്കുന്നു, ബര്‍മിംഗ്ഹാമില്‍ 32 പൗണ്ടിന് വരെ വില്‍ക്കുന്ന അവസ്ഥയും മലയാളികള്‍ നേരിടുന്നു. 

എന്നാല്‍ വൈറസ് ഭയം മുതലെടുക്കാനുള്ള ഈ നീക്കങ്ങള്‍ കണ്ണുമടച്ച് സഹിക്കേണ്ട കാര്യമില്ലെന്ന് ബ്രിട്ടന്റെ കോമ്പറ്റീഷന്‍ & മാര്‍ക്കറ്റ്‌സ് അതോറിറ്റി വ്യക്തമാക്കി. നിലവിലെ അവസ്ഥ ചൂഷണം ചെയ്യാന്‍ വ്യാപാരികള്‍ ശ്രമിക്കില്ലെന്ന് ഉറപ്പിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കുമെന്ന് സിഎംഎ പറയുന്നു. കോമ്പറ്റീഷന്‍ തകര്‍ക്കുന്നതും, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതുമായ പ്രവൃത്തികള്‍ തെളിവ് സഹിതം അറിയിച്ചാല്‍ പരിഗണിക്കുമെന്നതിന് പുറമെ തക്കതായ നടപടിയും വരുമെന്ന് സിഎംഎ വ്യക്തമാക്കി. 

വില എത്ര ഉയര്‍ന്നാലും സാധനങ്ങള്‍ വാങ്ങി ശേഖരിക്കുകയെന്ന ലക്ഷ്യത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. അതുകൊണ്ട് തന്നെ വ്യാപാരികള്‍ നിരക്ക് അനധികൃതമായി വര്‍ദ്ധിപ്പിച്ചാലും നിശബ്ദം ഇത് വാങ്ങി ശേഖരിക്കുകയാണ് ജനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അവശ്യ സാധനങ്ങള്‍ കിട്ടില്ലെന്ന ആശങ്കയാണ് വ്യാപാരികള്‍ ചൂഷണം ചെയ്യുന്നത്. ആശീര്‍വാദ് ഗോതമ്പുപൊടി 10 കിലോ 9 പൗണ്ടിന് ലഭിച്ചിരുന്നത് ഇപ്പോള്‍ 5 കിലോയ്ക്ക് 9.99 പൗണ്ടായാണ് ഉയര്‍ത്തിയത്. ഇരട്ടിയോളം വില വര്‍ദ്ധിപ്പിച്ചാണ് വ്യാപാരികളുടെ തീവെട്ടിക്കൊള്ള. 

യുകെയിലെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്ന തമിഴ് വ്യാപാര ശൃംഖലയില്‍ 16 പൗണ്ടിനാണ് അരിവില്‍പ്പന തകൃതിയായി അരങ്ങേറുന്നത്. സാധനങ്ങള്‍ വാങ്ങിക്കൂട്ടി പൂഴ്ത്തിവെപ്പ് കൂടി വ്യാപകമാകുന്നതാണ് അരി ഉള്‍പ്പെടെയുള്ളവ കിട്ടാക്കനിയായി മാറാന്‍ ഇടയാക്കുന്നത്. ഇറക്കുമതിക്കാര്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന അരിക്കും, മറ്റ് സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടില്ലെന്നതാണ് വസ്തുത. ഇതുകൂടാതെ അരിക്ക് യാതൊരു വിധത്തിലുമുള്ള ക്ഷാമവും നേരിടില്ലെന്ന് ഇവര്‍ വ്യക്തമാക്കി. 8000 ബാഗ് അരിയാണ് ഒരു റീട്ടെയിലര്‍ ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഇത്തരത്തില്‍ മറ്റ് രണ്ട് റീട്ടെയിലര്‍മാരും സമാനമായ തോതില്‍ അരി എത്തിക്കുന്നുണ്ട്. 

അതുകൊണ്ട് തന്നെ അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടി കൃത്രിമ ക്ഷാമം നിര്‍മ്മിക്കേണ്ട അവസ്ഥയില്ല. കൂടാതെ കിട്ടുന്ന അരി പറയുന്ന വില കൊടുത്ത് വാങ്ങേണ്ട ഗതികേടും മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ വെച്ചുപൊറുപ്പിക്കരുത്. മലയാളികളുടെ വീട്ടില്‍ ഇപ്പോള്‍ തന്നെ മൂന്ന്, നാല് മാസം വരെ കഴിയാനുള്ള സാധനങ്ങളാണ് ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നത്. ഹിന്ദിക്കാരും, മറ്റ് തമിഴ് വംശജരും ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലണ്ടനിലും, ബര്‍മിംഗ്ഹാമിലും, ബ്രിസ്റ്റോളിലും അരി 'ദാ വന്നു, ദേ പോയി' എന്നുപറയുന്ന അവസ്ഥയില്‍ വിറ്റുതീരുമാനുള്ള കാരണവും മറ്റൊന്നല്ല. 

അരിക്ക് പുറമെ പയര്‍, പരിപ്പ് തുടങ്ങിയ ഇന്ത്യക്കാരുടെ ഇഷ്ട ഉത്പന്നങ്ങള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന വിലയാണ് പലരും ഈടാക്കുന്നത്. സപ്ലൈ ചെയിനുകളില്‍ ഫ്രോസണ്‍ ഐറ്റംസ് ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ അവശ്യ സാധനങ്ങളും സ്റ്റോക്കുണ്ട്. ഈ ഘട്ടത്തില്‍ സമൂഹത്തില്‍ ഉടലെടുക്കുന്ന ഭയം മുതലാക്കി നമ്മള്‍ അധ്വാനിച്ച് നേടുന്ന പണം വ്യാപാരികള്‍ക്ക് അനാവശ്യ ലാഭം സമ്മാനിക്കാനായി വിനിയോഗിക്കരുത്. കൂടുതല്‍ വില ഈടാക്കുന്ന വിവരം സിഎംഎയില്‍ അറിയിച്ചാല്‍ ചുരുങ്ങിയത് 10,000 പിഴ ലഭിക്കുമെന്ന നിയമപരമായ അവകാശം വിനിയോഗിച്ച് ഈ ചൂഷണം തടയുകയാണ് വേണ്ടത്. 

ശക്തമായ കോമ്പറ്റീഷന്‍ നിയമങ്ങളുള്ള യുകെയിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് മറക്കേണ്ടതില്ല. അതുകൊണ്ട് കൂടിയ വിലക്ക് സാധനം വാങ്ങേണ്ടി വന്നാല്‍ ബില്‍ സൂക്ഷിച്ച് വെച്ച് സിഎംഎ നമ്പറില്‍ ബന്ധപ്പെട്ട് പരാതി നല്‍കാം. ഇമെയില്‍: general.enquiries@cma.gov.uk




കൂടുതല്‍വാര്‍ത്തകള്‍.