ബ്രിട്ടനിലെ കൊറോണാവൈറസ് മരണസംഖ്യ 335 ആയി കുതിച്ചുയര്‍ന്നു. 54 രോഗികള്‍ കൂടി മരണപ്പെട്ടതായി ഹെല്‍ത്ത് ഒഫീഷ്യലുകളുടെ പ്രഖ്യാപനം വന്നതോടെയാണ് യുകെയിലെ ആരോഗ്യ പ്രതിസന്ധി കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുന്നതായി വ്യക്തമായത്. ഇംഗ്ലണ്ടില്‍ പുതുതായി 46 മരണങ്ങളും, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ നാല് വീതവും പേരാണ് മാരകമായ ഇന്‍ഫെക്ഷന്‍ ബാധിച്ച് മരണമടഞ്ഞത്. വെള്ളിയാഴ്ച മുതല്‍ യുകെയിലെ മരണനിരക്ക് ഇരട്ടിയോളമായി ഉയര്‍ന്നുകഴിഞ്ഞു.
വെയില്‍സില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാറാണ്, ഇംഗ്ലണ്ടിന് പുറത്ത് യുകെയിലെ ഉയര്‍ന്ന മരണസംഖ്യയാണിത്. സ്‌കോട്ട്‌ലണ്ടില്‍ രോഗം ബാധിച്ച് 14 പേരാണ് മരിച്ചത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ള 303 മരണങ്ങളും ഇംഗ്ലണ്ടിലാണ്. യുകെയില്‍ ആകെ കൊറോണാവൈറസ് ബാധിച്ചവരുടെ എണ്ണം 6650 ആയി ഉയര്‍ന്നു. പുതുതായി 967 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ മാത്രമാണ് ഇപ്പോഴും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതുകൊണ്ട് തന്നെ വൈറസ് ചുരുങ്ങിയത് 3 ലക്ഷം പേര്‍ക്കെങ്കിലും ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്ന് ജനങ്ങളോട് ഉപദേശിച്ചിട്ടും ഇതൊന്നും പരിഗണിക്കാതെ പുറത്ത് കറങ്ങുന്നത് തുടര്‍ന്നതോടെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ കുതിച്ചുയര്‍ന്നതോടെയാണ് അല്‍പ്പം വൈകിയാണെങ്കിലും ബോറിസ് ജോണ്‍സണ്‍ ഈ നടപടി സ്വീകരിച്ചത്.