കൊറോണാവൈറസ് പ്രതിസന്ധിയെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മാസത്തിലേക്ക് നീളുമെന്ന് ഏകദേശം ഉറപ്പായി. പ്രതിദിന മരണനിരക്ക് 1000 തൊടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ഇനിയും മൂന്നാഴ്ചയെങ്കിലും നീളാന്‍ വഴിയൊരുങ്ങുന്നത്. എമര്‍ജന്‍സി നടപടികളുടെ പുനഃപ്പരിശോധന അടുത്ത ആഴ്ച നടക്കുമെന്ന് ചാന്‍സലര്‍ ഋഷി സുനാക് സ്ഥിരീകരിച്ചു. എന്നാല്‍ അടച്ചുപൂട്ടല്‍ നിബന്ധനകള്‍ തുടരുമെന്ന ശക്തമായ സൂചനയാണ് അദ്ദേഹം പങ്കുവെച്ചത്.
'വൈറസ് വ്യാപിക്കുന്നത് തടയുകയാണ് മുന്‍ഗണനയിലുള്ളത്. ഇതിന് മികച്ച മാര്‍ഗ്ഗം വീടുകളില്‍ തുടരുകയെന്നതാണ്', ചാന്‍സലര്‍ ഋഷി സുനാക് വ്യക്തമാക്കി. അടുത്ത ആഴ്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളും സൂചിപ്പിക്കുന്നു. മരണസംഖ്യ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ നിബന്ധനകള്‍ അനുവദിക്കുന്നതിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നു. നേരത്തെ നിശ്ചയിച്ച ഏപ്രില്‍ 16 കഴിഞ്ഞ് രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചാല്‍ മതിയാകുമെന്ന് ചില മന്ത്രിമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. മറ്റു ചിലരാകട്ടെ മെയ് മധ്യത്തിന് അപ്പുറത്തേക്ക് വരെ കാര്യങ്ങള്‍ നീളുമെന്ന് പ്രവചിക്കുന്നു.
ജീവിതകാലത്തെ ഏറ്റവും ഭയാനകമായ സാമ്പത്തിക പ്രതിസന്ധി കൊറോണവൈറസിന്റെ തിരിച്ചടി മൂലം ഉടലെടുക്കുമെന്നാണ് ലോക വ്യാപാര സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ജീവനക്കാരെ അവധിക്ക് വിടുന്ന സ്ഥാപനങ്ങളുടെ നടപടി മൂലം അടുത്ത മൂന്ന് മാസം 50 ബില്ല്യണ്‍ പൗണ്ട് ചെലവാണ് നികുതിദായകര്‍ക്ക് നേരിടുകയെന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രധാന തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്.
ഭൂരിഭാഗം മേഖലകളിലും ജനങ്ങള്‍ കൊറോണാവൈറസ് ലോക്ക്ഡൗണ്‍ അനുസരിച്ച് തുടങ്ങിയെന്നത് ആശ്വാസമായിട്ടുണ്ട്. അതേസമയം വൈറസ് ബാധിതരായ ഉടമകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ മാറ്റി സൂക്ഷിക്കണമെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ 12 ഇടങ്ങളില്‍ എന്‍എച്ച്എസ് നൈറ്റിംഗേല്‍ ആശുപത്രികള്‍ തയ്യാറാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.