Breaking Now

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആരുമായും ചര്‍ച്ചയ്ക്ക്ഇല്ല: ജി.സുകുമാരന്‍ നായര്‍

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയുമായോ ഉമ്മന്‍ചാണ്ടിയുമായോ ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ല. കേരളത്തിലെ രണ്ടു പ്രബല സാമൂഹ്യസംഘടനകളായ എന്‍.എസ്.എസും എസ്എന്‍.ഡി.പി യോഗവും ഉന്നയിച്ച ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഗണന, സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവരോടുള്ള അവഗണന, ന്യൂനപക്ഷ പ്രീണനം എന്നീ പ്രശ്‌നങ്ങള്‍ വസ്തുതാപരമായി പഠിച്ച് പരിഹരിക്കുകയാണ് വേണ്ടത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള എം.പി.മാരുടെ ആശങ്കയാകാം രാഹുല്‍ഗാന്ധി ഇടപെടണമെന്ന് അവര്‍ പറയാന്‍ കാരണം. എന്നാല്‍ എല്ലാ എം.പിമാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് അറിവ്. എം.പി മാരുടെ പൊതു ആവശ്യമാണ് ഇതെന്ന് പറയുന്നതില്‍ എന്ത് ആധികാരികതയാണുള്ളതെന്ന് അറിയില്ല.

സംസ്ഥാന ഭരണം നിലനിറുത്തേണ്ടത് ഉമ്മന്‍ചാണ്ടിയുടേയും രമേശിന്റെയും മാത്രം ആവശ്യമാണ്.ഈ ഭരണത്തോട് ജനങ്ങള്‍ക്ക് താല്പര്യമില്ല.സര്‍ക്കാര്‍ നിലനിൽക്കുന്നത് പ്രതിപക്ഷത്തിന്റെ പിടിപ്പുകേടാണ്. അനീതി തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ എസ്.എന്‍.ഡി.പിയോഗവുമായി ചേര്‍ന്ന് പ്രത്യക്ഷ സമരം ആരംഭിക്കുന്ന കാര്യം ആലോചിക്കുമെന്ന് സുകുമാരന്‍നായര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.