
















വിദേശ ജീവനക്കാര്‍ക്ക് ബ്രിട്ടനില്‍ പെര്‍മനന്റ് റസിഡന്‍സ് ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കി മാറ്റാനുള്ള ഷബാന മഹ്മൂദിന്റെ പദ്ധതിക്ക് എതിരെ ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍. 'നമ്മുടെ പ്രിയപ്പെട്ടവരെ പരിചരിക്കാനായി ഇവിടെയെത്തിയ' വിദേശികള്‍ക്ക് മുന്നില്‍ ഗോള്‍പോസ്റ്റ് മാറ്റിവെയ്ക്കുന്നത് പോലെ അവസ്ഥയാണ് ഹോം ഓഫീസ് പദ്ധതി സൃഷ്ടിക്കുന്നതെന്ന് ഹൗസിംഗ് സെക്രട്ടറി വിമര്‍ശിച്ചു.
യുകെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ കെയറര്‍മാരും, അവരുടെ കുടുംബാംഗങ്ങളുമാണ് അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്നത്. ഹൗസിംഗ് സെക്രട്ടറിയുടെ പദ്ധതിയിലെ ചില ഭാഗങ്ങളില്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് എതിര്‍പ്പുണ്ടെന്നാണ് വിവരം. യുകെയില്‍ നിലവില്‍ താമസിച്ച് ജോലി ചെയ്യുന്ന വിദേശ കെയര്‍ ജീവനക്കാര്‍ക്ക് പദ്ധതിയില്‍ ഇളവ് നല്‍കുന്നത് അദ്ദേഹം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മഹ്മൂദിന്റെ കടുപ്പമേറിയ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെ നൂറോളം ലേബര്‍ എംപിമാരാണ് രംഗത്തുള്ളത്. ട്രേഡ് യൂണിയനുകളും നയത്തെ എതിര്‍ക്കുന്നുണ്ട്. ബേണ്‍ഹാം പ്രധാനമന്ത്രിയായ ശേഷം ആദ്യത്തെ ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ എത്തുമ്പോള്‍ ഈ പ്രശ്‌നം വിവാദമായി ആളിക്കത്തുമെന്നാണ് കരുതുന്നത്.
ബ്രിട്ടനിലെ ജനങ്ങളെ പരിചരിക്കാന്‍ എത്തിയ ആളുകള്‍ക്ക് മുന്നില്‍ അവസരം നോക്കി ലക്ഷ്യം മാറ്റുന്നത് മോശമാണെന്ന് റെയ്‌നര്‍ കുറ്റപ്പെടുത്തി. 2022 മുതല്‍ 2024 വരെ 185,000 വിദേശ കെയര്‍ ജീവനക്കാരാണ് വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ ഗവണ്‍മെന്റ് കെയര്‍ വിസ നിര്‍ത്തലാക്കിയിരുന്നു.