Breaking Now

ബ്രിട്ടന്‍ വീണ്ടും ദേശീയ ലോക്ക്ഡൗണിലേക്ക്? ശൈത്യകാലത്ത് കൊറോണാവൈറസ് രണ്ടാം ഘട്ടം; മന്ത്രിമാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ശുഭകരമല്ല! 4 സെല്‍ഷ്യസില്‍ വൈറസ് പടര്‍ന്ന് പന്തലിക്കുമെന്ന് ശാസ്ത്രജ്ഞര്‍ തെളിവുകള്‍ നിരത്തുന്നു; എന്‍എച്ച്എസിനെ കാത്തിരിക്കുന്നത് കൂടുതല്‍ തലവേദന

വീണ്ടുമൊരു ദേശീയ ലോക്ക്ഡൗണ്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും

രണ്ടാംഘട്ട കൊറോണാവൈറസ് വ്യാപനം ശൈത്യകാലത്ത് തേടിയെത്തുമ്പോള്‍ രണ്ടാം ദേശീയ ലോക്ക്ഡൗണിനായി ഒരുങ്ങാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം. 4 സെല്‍ഷ്യസ് പോലുള്ള താപനിലയില്‍ വൈറസ് തഴച്ചുവളരുമെന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചതായി സര്‍ക്കാരിന്റെ സയന്റിഫിക് അഡൈ്വസര്‍മാര്‍ വെളിപ്പെടുത്തി. വര്‍ഷാവര്‍ഷം സീസണല്‍ ഫ് ളൂ സൃഷ്ടിക്കുന്ന സമ്മര്‍ദത്തിന് പുറമെ ഇത് കൂടി ആകുമ്പോള്‍ യുകെ ബുദ്ധിമുട്ടേറിയ ശൈത്യകാലത്തെയാണ് മുന്നില്‍ കാണുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ ഒരുപരിധി വരെ രക്ഷപ്പെട്ട് നില്‍ക്കുന്നത് വേനല്‍ക്കാലം ആയതിനാലാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ശൈത്യകാലത്ത് സംശയങ്ങളില്ലാതെ വന്നുചേരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആളുകള്‍ ഒരുങ്ങേണ്ടത് സുപ്രധാനമാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെട്ടാല്‍ ലെസ്റ്ററില്‍ നടപ്പാക്കിയതിന് സമാനമായ ലോക്കല്‍ ലോക്ക്ഡൗണ്‍ ഉപയോഗിച്ച് പ്രതിരോധിക്കാമെന്നാണ് മന്ത്രിമാര്‍ ലക്ഷ്യവെയ്ക്കുന്നത്. എന്നാല്‍ ശൈത്യകാലത്ത് വൈറസ് വീണ്ടും പണിതുടങ്ങിയാല്‍ ദേശീയ തലത്തില്‍ തന്നെ നടപടികള്‍ വേണ്ടിവരുമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. 

നിലവില്‍ ഏറെ പാളിച്ചകള്‍ ഉണ്ടായിട്ടുള്ള ടെസ്റ്റ് & ട്രേസ് പദ്ധതി ഓട്ടം കാലത്ത് കൃത്യതയോടെ നടക്കേണ്ടത് അനിവാര്യമായി മാറുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വീണ്ടുമൊരു ദേശീയ ലോക്ക്ഡൗണ്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കൂടാതെ സ്‌കൂളുകള്‍ തുറന്ന് കുട്ടികളെ തിരികെ എത്തിക്കാനുള്ള ബോറിസ് ജോണ്‍സന്റെ പദ്ധതികള്‍ക്കും ലോക്ക്ഡൗണ്‍ വിലങ്ങുതടിയാകും. നിലവില്‍ വിന്റര്‍ നേരിടുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ ഈ ആഴ്ച രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നതാണ് സുപ്രധാന ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കുന്നത്. 

തണുപ്പേറിയ താപനിലയില്‍ വൈറസ് കൂടുതല്‍ സമയം പിടിച്ചുനില്‍ക്കുമെന്ന് മാത്രമല്ല, ആളുകള്‍ ഇന്‍ഡോറില്‍ ഒത്തുകൂടുമ്പോള്‍ ട്രാന്‍സ്മിഷന്‍ സാധ്യതയും കൂടും. യുകെയില്‍ കൊറോണാവൈറസ് ഇല്ലാതാകുന്നതിന്റെ വേഗത വളരെ കുറവാണെന്ന് സേജ് കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ വിന്ററിന് മുന്‍പായി വൈറസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള സാധ്യത കുറവാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജെയിംസ് നെയ്‌സ്മിത്ത് ചൂണ്ടിക്കാണിച്ചു. ആഗോള തലത്തില്‍ വൈറസിന്റെ സാന്നിധ്യം ഉള്ളതിനാല്‍ വാക്‌സിന്‍ ഇല്ലാത്ത ഘട്ടത്തില്‍ അതിനെതിരെ പദ്ധതി തയ്യാറാക്കേണ്ടി വരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കൂടുതല്‍വാര്‍ത്തകള്‍.