CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 2 Seconds Ago
Breaking Now

ഒന്നും പേടിക്കാനില്ല; ബസിലും, ട്രെയിനിലും ചാടിക്കയറൂ; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നിബന്ധനകളില്‍ അയവ് വരുത്തും; ജോലിക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പെടാപ്പാട്!

നിലവില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാണ്

കൊറോണാവൈറസിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളില്‍ പ്രഖ്യാപിച്ച വിലക്കുകളില്‍ ഇളവ് വരുത്താന്‍ ഒരുങ്ങി യുകെ ഗവണ്‍മെന്റ്. ആളുകള്‍ക്ക് ഓഫീസുകളില്‍ ജോലിക്കായി മടങ്ങിയെത്താനുള്ള ആത്മവിശ്വാസം നല്‍കുകയാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ പറ്റാവുന്നവരോടെല്ലാം ജോലിയില്‍ മടങ്ങിയെത്താന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. 

നിലവിലെ നിബന്ധനകള്‍ പ്രകാരം ട്രെയിനുകള്‍, ബസുകള്‍, ട്രാമുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുന്‍പ് മറ്റ് യാത്രാ സംവിധാനങ്ങള്‍ പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നയം തിരുത്തി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രിമാര്‍ തയ്യാറെടുക്കുന്നതെന്നാണ് സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ അവസരം ഒരുക്കുന്നത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റും, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 

'വളരെ കുറച്ച് ആളുകള്‍ക്ക് വേണ്ടി ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് വലിയ ചെലവ് നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഒഴിവാക്കണമെന്ന സന്ദേശം തിരുത്താന്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പരിഹാരം തേടുകയാണ്. എപ്പോഴാണ് ഇത് നടപ്പാക്കേണ്ടതെന്ന ചര്‍ച്ചയും സജീവമാണ്', വൈറ്റ്ഹാള്‍ ശ്രോതസ്സ് വെളിപ്പെടുത്തി. വരുമാനത്തില്‍ വമ്പിച്ച കുറവ് സംഭവിച്ചതോടെ രാജ്യതലസ്ഥാനത്ത് സര്‍വ്വീസുകള്‍ തുടരാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന് സര്‍ക്കാര്‍ 1.6 ബില്ല്യണ്‍ പൗണ്ട് നല്‍കിയിരുന്നു. 

നിലവില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് ട്രെയിന്‍ ക്യാരേജിലും, ബസ് യാത്രയിലും നിരീക്ഷണം നടത്തുന്നുണ്ട്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ബ്രിട്ടന്‍ ഒരു ഘട്ടം കൂടി മുന്നോട്ട് വെയ്ക്കുകയാണെന്ന് ഉറപ്പിക്കാം. ഓഫീസുകളില്‍ ആളുകള്‍ തിരിച്ചെത്താത്തതിന് യാത്രാ സൗകര്യങ്ങളിലെ നിബന്ധനകളാണെന്ന വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സമ്പദ് രംഗത്തിന് ഉണര്‍വ്വേകാന്‍ പുതിയ തീരുമാനം ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.