14 ദിവസത്തിനകം രാജ്യത്ത് രണ്ടാം ഘട്ട കൊറോണാവൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഭയപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മഹാമാരി വീണ്ടും പല ഭാഗങ്ങളിലും പൊട്ടിമുളയ്ക്കുന്നത് ആശങ്കാജനകമായ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ഭയപ്പെടുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. രാജ്യത്തിന് അകത്തും വിദേശരാജ്യങ്ങളിലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം കരുതുന്നു.
യുകെയില്‍ കൊവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും രേഖപ്പെടുത്തിയ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രകടമായിരുന്നു. ഏപ്രില്‍ മാസത്തില്‍ കേസുകള്‍ കുതിച്ചുയര്‍ന്ന ശേഷം ആദ്യമായാണ് വൈറസിന്റെ പ്രകടനം പുരോഗമിക്കുന്നത്. ഏഴ് ദിവസത്തെ ശരാശരി ഏകദേശം 700 കേസുകളാണ്. മൂന്നാഴ്ച മുന്‍പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം അധികം.
രണ്ടാംഘട്ട വ്യാപനത്തിന് ശൈത്യകാലം വരെ സമയമുണ്ടെന്ന കണക്കുകൂട്ടലാണ് ഇപ്പോള്‍ തിരുത്തപ്പെടുന്നത്. അതിലും വേഗത്തില്‍ വൈറസ് തിരിച്ചെത്തിയേക്കുമെന്നാണ് മന്ത്രിമാരുടെ ആശങ്ക. ഇന്നലെ നോട്ടിംഗ്ഹാം സന്ദര്‍ശനത്തിന് എത്തിയ ബോറിസ് ജോണ്‍സണ്‍ ഈ ആശങ്കയെക്കുറിച്ച് സൂചന നല്‍കി. 'സമൂഹത്തിലെ എല്ലാവരും ഉപദേശങ്ങള്‍ അനുസരിക്കണം, പാലിക്കണം, അബദ്ധത്തില്‍ പോലും വൈറസ് പടര്‍ത്തരുത്, ഇങ്ങനെ കുറച്ചാല്‍ രാജ്യത്തെ വിലക്കുകള്‍ വേഗത്തില്‍ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ വൈറസ് രണ്ടാംഘട്ട ഭീഷണി നേരിടുമ്പോള്‍ ജാഗ്രത പാലിക്കണം', ബോറിസ് വിശദീകരിച്ചു.
ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ യുഎസിലെയും, യൂറോപ്പിലെയും ചില ഭാഗങ്ങളില്‍ വൈറസ് തിരിച്ചെത്തിയതാണ് പ്രധാനമന്ത്രിയുടെ ആശങ്കയ്ക്ക് ശക്തിയേകുന്നത്. സ്‌പെയിനില്‍ കഴിഞ്ഞ ആഴ്ച കേസുകള്‍ ഇരട്ടിയായി. മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാമത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വരുമെന്ന് ബെല്‍ജിയം സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. കേസുകള്‍ ഉയരുന്നത് അത്യധികം ആശങ്കപ്പെടുത്തുന്നതായി ജര്‍മ്മനിയുടെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഹെഡും പറയുന്നു.
വിദേശത്തെ സ്ഥിതി രണ്ടാഴ്ചയ്ക്കുള്ളില്‍ യുകെയിലും സംഭവിക്കുമെന്നാണ് പ്രധാനമന്ത്രി ഭയക്കുന്നത്. മഹാമാരിയുടെ നടുവിലാണ് നമ്മളെന്ന് ജനം തിരിച്ചറിയണം. സമ്പദ് വ്യവസ്ഥ തുറക്കാനാണ് ആഗ്രഹമെങ്കിലും എന്തെങ്കിലും കുഴപ്പം പിണഞ്ഞാല്‍ തന്റെ തലയിലാകുമെന്ന് ബോറിസിന് വ്യക്തമായറിയാം, ശ്രോതസ്സ് വെളിപ്പെടുത്തി.