CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 1 Seconds Ago
Breaking Now

1978-ല്‍ ഇന്ത്യയിലെ ക്ഷേത്രത്തില്‍ നിന്നും അടിച്ചുമാറ്റിയ വിലപിടിച്ച വെങ്കല വിഗ്രഹങ്ങള്‍ കൈമാറി യുകെ; 40 വര്‍ഷത്തിന് ശേഷം തിരികെകിട്ടിയത് മൂന്ന് വിഗ്രഹങ്ങള്‍; അഭിമാന ദൗത്യമെന്ന് മെട്രോപൊളിറ്റന്‍ പോലീസ്

ഒരു വിഗ്രഹം യുകെ ആസ്ഥാനമായ ഡീലര്‍ വില്‍പ്പനയ്ക്ക് വെച്ചതായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തിരിച്ചറിഞ്ഞത് വഴിത്തിരിവായി

തമിഴ്‌നാട്ടിലെ ഹൈന്ദവ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മൂന്ന് ആന്റിക് വെങ്കല വിഗ്രഹങ്ങള്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി ബ്രിട്ടന്‍. 14 മുതല്‍ 17ാം നൂറ്റാണ്ട് വരെയുള്ള കാലത്തെ അതിജീവിച്ച, വിജയനഗര കാലഘട്ടത്തിലെ നാല് വെങ്കല വിഗ്രഹങ്ങളാണ് നാഗപട്ടണത്തെ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും 1978-ല്‍ മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ മോഷ്ടാക്കള്‍ ഇന്ത്യയില്‍ പിടിക്കപ്പെട്ട് അക്കാലത്ത് ശിക്ഷ ഏറ്റുവാങ്ങിയെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

2019-ലാണ് പിന്നീട് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം കണ്ടെത്തപ്പെടുന്നത്. ഇതില്‍ ഒരു വിഗ്രഹം യുകെ ആസ്ഥാനമായ ഡീലര്‍ വില്‍പ്പനയ്ക്ക് വെച്ചതായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കണ്ടെത്തി. എംബസി വിവരം നല്‍കിയതോടെ മെട്രോപൊളിറ്റന്‍ പോലീസിന്റെ ആര്‍ട്ട് & ആന്റിക്‌സ് യൂണിറ്റ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടിക്കപ്പെട്ടതാണെന്ന് അറിയാതെയാണ് ഡീലര്‍ വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. 

മോഷണമുതലാണ് കൈയിലുള്ളതെന്ന് മനസ്സിലാക്കിയ ഡീലര്‍ വിഗ്രഹങ്ങള്‍ സ്വമേധയാ തിരികെ നല്‍കി. കൂടാതെ മറ്റ് രണ്ട് വിഗ്രഹങ്ങള്‍ കണ്ടെത്താനും സഹായിച്ചതായി പോലീസ് പറഞ്ഞു. ഇതോടെയാണ് മോഷ്ടിക്കപ്പെട്ട് കടല്‍ കടന്ന വിലയേറിയ വെങ്കല വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. തമിഴ്‌നാട് സര്‍ക്കാരിന് വിഗ്രഹങ്ങള്‍ കൈമാറുന്നതിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് വിഗ്രഹങ്ങള്‍ തിരികെ നല്‍കാന്‍ സാധിച്ചതില്‍ ഭാഗഭാക്കായതില്‍ അഭിമാനിക്കുന്നതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. 

'സുന്ദരവും, ചരിത്ര പ്രാധാന്യവുമുള്ള വിഗ്രഹങ്ങള്‍ക്ക് മതപരമായ പ്രാധാന്യവുമുണ്ട്. ഇത് മോഷ്ടിക്കപ്പെട്ട ക്ഷേത്രത്തിലേക്ക് തിരികെ എത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്', ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ടിം റൈറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.