മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ വൈറ്റമിന്‍ ഡി കഴിക്കാന്‍ ജനങ്ങളെ ഉപദേശിച്ച് മാറ്റ് ഹാന്‍കോക്. കൊവിഡ്-19 വൈറസിന് എതിരെ സംരക്ഷണം നല്‍കാന്‍ വൈറ്റമിന്‍ ഡി വഴി സാധിക്കുന്നുവെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചതോടെയാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ഉപദേശം നല്‍കുന്നത്. ജനങ്ങള്‍ക്ക് വൈറ്റമിന്‍ ഡി സപ്ലിമെന്റ് ഉപയോഗിക്കാനുള്ള പ്രചോദനമേകാന്‍ സര്‍ക്കാര്‍ സന്ദേശങ്ങള്‍ വിപുലപ്പെടുത്തുമെന്നും ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു.
ശൈത്യകാലത്ത് 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡി കഴിക്കാനാണ് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നത്. ഇതുവഴി എല്ലുകളെയും, മസിലുകളെയും ആരോഗ്യത്തോടെ നിര്‍ത്താം. എന്നാല്‍ ലോക്ക്ഡൗണുകള്‍ മൂലം ജനങ്ങള്‍ കൂടുതലായി അകത്ത് കഴിയുന്നതിനാല്‍ വര്‍ഷം മുഴുവന്‍ സപ്ലിമെന്റ് ഉപയോഗിക്കാനാണ് ഹെല്‍ത്ത് ചീഫുമാര്‍ ഇപ്പോള്‍ ഉപദേശിക്കുന്നത്.
വെയിലേറ്റാല്‍ ലഭിക്കുന്ന വൈറ്റമിന് കൊവിഡ്-19ന് മേല്‍ യാതൊരു പ്രതികരണവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഹാന്‍കോക് തിരുത്തിയത്. തെളിവുകള്‍ പുനഃപ്പരിശോധിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കൊവിഡ്-19 പ്രതിരോധത്തില്‍ വൈറ്റമിന്‍ ഡി മികച്ച പങ്കുവഹിക്കുന്നതായുള്ള പഠനങ്ങള്‍ അവഗണിച്ചതിന് ഹെല്‍ത്ത് സെക്രട്ടറി കനത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ വൈറ്റമിന്‍ ഡി'യുടെ കുറവ് സാധാരണമാണ്. ഇതുമൂലം കൊറോണാവൈറസ് പിടിപെടാനുള്ള സാധ്യത ഏറുന്നതിന് പുറമെ ഗുരുതരമായി രോഗം ബാധിക്കാനും, മരിക്കാനുമുള്ള സാധ്യതയാണ് പഠനങ്ങള്‍ പങ്കുവെച്ചത്. പ്രായമായവരിലും, അമിതഭാരമുള്ളവരിലുമാണ് പൊതുവെ കുറവ് കാണുന്നത്. ഇതിന് പുറമെ കറുത്തവരിലും, ഏഷ്യന്‍ വംശജര്‍ക്കും വൈറ്റമിന്‍ ഡി'യുടെ കുറവ് നേരിടുന്നുണ്ട്. ഇത് കൊവിഡ് രോഗബാധയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.