CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 55 Minutes 45 Seconds Ago
Breaking Now

50 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച വൃദ്ധരായ ദമ്പതികള്‍ക്ക് അന്ത്യയാത്ര ചൊല്ലാന്‍ അവസരമൊരുക്കി ആശുപത്രി; കൊവിഡ്-19ന് എതിരായ പോരാട്ടത്തിലുള്ള പ്രായമായവര്‍ക്ക് അവസാന സമയം ഒരുമിച്ച് ചെലവഴിക്കാന്‍ അനുമതി നല്‍കി ബെര്‍ക്ഷയര്‍ ആശുപത്രി; ജീവനക്കാരെ പുകഴ്ത്തി മകള്‍

ഡബിള്‍ ഷിഫ്റ്റ് കയറുമ്പോഴും രോഗികളോട് അനുതാപം പ്രകടിപ്പിക്കുന്ന ആശുപത്രി ജീവനക്കാരെ കെലിജാരെറ്റ് പ്രശംസിച്ചു

ട്യൂബുകളാണ് ശരീരം നിറയെ, എന്നിട്ടും കൈകള്‍ ചേര്‍ത്തുപിടിച്ച് അവര്‍ അരികില്‍ ഇരുന്നു. കൊവിഡ് കാലത്ത് പ്രിയപ്പെട്ടവര്‍ക്ക് അന്ത്യയാത്ര ചൊല്ലാന്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ഇതൊരു അപൂര്‍വ്വ കാഴ്ചയാകില്ല. കൊറോണാവൈറസിന് ചികിത്സയിലുള്ള വൃദ്ധരായ ദമ്പതികള്‍ക്കാണ് അവസാന നിമിഷങ്ങള്‍ ഒരുമിച്ച് ചെലവിടാന്‍ ആശുപത്രി അവസരം ഒരുക്കിയത്.

സറേയിലെ ഫ്രിംലി പാര്‍ക്ക് ഹോസ്പിറ്റലില്‍ വ്യത്യസ്ത വാര്‍ഡുകളിലാണ് രണ്ടാഴ്ച മുന്‍പ് വൈറസുമായി എത്തിയപ്പോള്‍ 79-കാരന്‍ ജെറി ജാരെറ്റ്, ഭാര്യ 76-കാരി ബാര്‍ബറ എന്നിവരെ പ്രവേശിപ്പിച്ചത്. എന്നാല്‍ ചൊവ്വാഴ്ചയോടെ ബാര്‍ബറയുടെ ആരോഗ്യസ്ഥിതി വഷളായി. മരണത്തെ ഇവര്‍ മുഖാമുഖം കണ്ടതോടെയാണ് സവിശേഷമായ അവസാന നിമിഷങ്ങള്‍ ഒരുമിച്ച് ചെലവഴിക്കാന്‍ ഈ ദമ്പതികള്‍ക്ക് ആശുപത്രി അവസരം നല്‍കിയത്. 

'പിതാവിനെ വീല്‍ചെയറിലാണ് അമ്മയുടെ അരികില്‍ എത്തിച്ചത്, കരയുകയായിരുന്നു. അദ്ദേഹം തൊട്ടപ്പോള്‍ അമ്മ പൊടുന്നനെ കണ്ണുതുറന്നു. ബോധം ഉണര്‍ന്ന് സംസാരിക്കാനും കഴിഞ്ഞു', മകള്‍ ഷോള്‍ കെലിജാരെറ്റ് ബിബിസിയോട് പറഞ്ഞു. 50 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച മാതാപിതാക്കള്‍ക്ക് ഈയൊരു അവസരം നല്‍കിയതിന് മകള്‍ ആശുപത്രിയോട് നന്ദി പറഞ്ഞു. ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പിതാവിന് അവസരം നല്‍കിയ ശ്രമങ്ങളെ അവര്‍ പുകഴ്ത്തി.

മഹാമാരി കുതിച്ചുയരുമ്പോള്‍ അമ്മയെ, ഒരുപക്ഷെ അവസാന നോക്ക് കാണാന്‍ പിതാവിന് അവസരം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായി, കെലിജാരെറ്റ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പിതാവ് തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് മകള്‍. ഡബിള്‍ ഷിഫ്റ്റ് കയറുമ്പോഴും രോഗികളോട് അനുതാപം പ്രകടിപ്പിക്കുന്ന ആശുപത്രി ജീവനക്കാരെ കെലിജാരെറ്റ് പ്രശംസിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.