
















ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറുമായുള്ള ഫയലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ പിന്‍വലിച്ച് ഗവണ്‍മെന്റ്. രാജകുടുംബത്തിന്റെ സന്ദര്‍ശനങ്ങള്‍ സംബന്ധിച്ച ഫയലുകളിലെ വിവരങ്ങളാണ് നം.10 ഫയലില്‍ നിന്നും കാണാതായത്.
ഔദ്യോഗികമായി റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് ഫയലുകള്‍ പിന്‍വലിച്ചത്. എന്നാല്‍ ഇതിനകം മാധ്യമങ്ങളുടെ പക്കലേക്ക് ഈ ഫയലുകള്‍ നല്‍കുകയും ചെയ്തിരുന്നു. മുന്‍ രാജകുമാരനായ ആന്‍ഡ്രൂവിന്റെ ഔദ്യോഗിക ബിസിനസ്സ് യാത്രകള്‍ക്കായി വരുത്തിയ ചെലവുകള്‍ സംബന്ധിച്ച ആശയവിനിമയവും ഇതില്‍ പെടുന്നു.
90,000 പൗണ്ട് വരുന്ന ബില്ലുകള്‍ ആര് വഹിക്കുമെന്നാണ് റോയല്‍ ട്രാവല്‍ ഓഫീസും, യുകെ ട്രേഡ് ഇന്‍ഡസ്ട്രിയും തമ്മിലുള്ള ആശയവിനിമയത്തില്‍ ഉന്നയിച്ച വിഷയം. രാജകുടുംബത്തിന്റെ ഇടപാടുകള്‍ മറച്ചുവെയ്ക്കുന്ന തരത്തിലുള്ള ഗവണ്‍മെന്റ് നടപടിയെ ആന്റി-മൊണാര്‍ക്കി ക്യാംപെയിന്‍ ഗ്രൂപ്പ് റിപബ്ലിക് വിമര്‍ശിച്ചു.
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധങ്ങളുടെ പേരില്‍ 65-കാരനായ ആന്‍ഡ്രൂവിന്റെ ഔദ്യോഗിക പദവികളെല്ലാം തെറിച്ചിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ചെങ്കിലും യുഎസ് കോണ്‍ഗ്രസ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവന്നതോടെ ആന്‍ഡ്രൂവിന്റെ പല വാദങ്ങളും തെറ്റാണെന്ന സ്ഥിതിയിലാണ്.