CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 58 Seconds Ago
Breaking Now

കൊവിഡ് സമ്മര്‍ദം; സുരക്ഷ ആവശ്യപ്പെട്ട് നഴ്‌സുമാരും, ഡോക്ടര്‍മാരും ഹെല്‍ത്ത് സെക്രട്ടറിക്ക് മുന്നില്‍; കൊവിഡ് രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ 'ഓഫാക്കിയ' പേരില്‍ അനാവശ്യ നിയമ വെല്ലുവിളികള്‍ നേരിടുമെന്ന് ആശങ്ക; ആരോഗ്യപ്രവര്‍ത്തകര്‍ പോലീസ് അന്വേഷണവും പേടിക്കണം?

നിയമവിരുദ്ധമായ കൊലപാതകത്തിന് പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വന്നാല്‍ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക നഷ്ടം ചെറുതൊന്നുമാകില്ല

കൊവിഡ്-19 രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് എന്‍എച്ച്എസിലെ ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ആര്‍ക്കെല്ലാം ചികിത്സ നല്‍കണം, ആരെയെല്ലാം ഒഴിവാക്കണം എന്ന് നിശ്ചയിക്കേണ്ട ഗതികേടിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും അനാവശ്യ നിയമ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് ആശങ്ക. 

ഈ തീരുമാനങ്ങളുടെ പേരില്‍ ക്രിമിനല്‍ അന്വേഷണം തങ്ങളെ തേടിയെത്തുമെന്ന് ഡോക്ടര്‍മാരും, നഴ്‌സുമാരും ഭയക്കുന്നു. മഹാമാരി മൂലം എന്‍എച്ച്എസ് തിങ്ങിനിറഞ്ഞാല്‍ ഏത് രോഗികള്‍ക്ക് ചികിത്സ നല്‍കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചയിക്കേണ്ടി വരുമെന്ന് കഴിഞ്ഞ നവംബറില്‍ ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എന്‍എച്ച്എസ് ഈ അവസ്ഥയില്‍ എത്തുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിന് അയച്ച കത്തില്‍ മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകള്‍ വ്യക്തമാക്കുന്നത്. 

ഒരു രോഗിയില്‍ നിന്ന് ജീവന്‍രക്ഷാ ഉപകരണം പിന്‍വലിച്ച് മറ്റൊരാളുടെ ചികിത്സയ്ക്ക് നല്‍കുന്ന അവസരത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ക്രിമിനല്‍, ആഭ്യന്തര അന്വേഷണങ്ങള്‍ നേരിടേണ്ടി വരുന്നത് ഒഴിവാക്കാനായി പുതിയ നിയമനിര്‍മ്മാണം നടത്തണമെന്നാണ് കത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പുതിയ നിയമത്തിന് മുന്‍കാല പ്രാബല്യവും നല്‍കി മഹാമാരിയുടെ തുടക്കം മുതല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നവരെ സംരക്ഷിക്കാനും സാധിക്കണമെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് തന്നെ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇതിന് പിന്നാലെ നിയമവിരുദ്ധമായ കൊലപാതകത്തിന് പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വന്നാല്‍ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക നഷ്ടം ചെറുതൊന്നുമാകില്ല. ഈ ഘട്ടത്തില്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തണം, ഹെല്‍ത്ത് സെക്രട്ടറിയോട് കത്തില്‍ ആവശ്യപ്പെട്ടു. ഡോക്ടേഴ്‌സ് അസോസിയേഷന്‍ യുകെ, ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍, ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് & സ്‌പെഷ്യലിസ്റ്റ്‌സ് അസോസിയേഷന്‍, റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബര്‍ഗ്, മെഡിക്കല്‍ ഡിഫന്‍സ് ഷീല്‍ഡ് എന്നീ സംഘങ്ങളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.