Breaking Now

ഫാ ജോയ് വയലിലിന് ബ്രിസ്‌റ്റോളിന്റെ ഹൃദ്യമായ യാത്രയയപ്പ് ; 15 വര്‍ഷങ്ങള്‍ നീണ്ട മികവാര്‍ന്ന സേവനങ്ങളെ അനുസ്മരിച്ച് വിശ്വാസികള്‍

2006 മുതല്‍ 2021 വരെ നീണ്ട 15 വര്‍ഷത്തെ അച്ചന്റെ സേവനം ഒരു പുരോഹിതനില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിക്കേണ്ട എല്ലാ ഗുണഗണത്തിന്റെയും ആകെ തുക തന്നെയായിരുന്നു

ഏവര്‍ക്കും പ്രിയങ്കരനായ ഫാദര്‍ ജോയ് വയലില്‍ CST നാട്ടിലേക്ക് മടങ്ങുകയാണ്. ബ്രിസ്‌റ്റോളിലെ വിശ്വാസികളുടെ ഹൃദയം കീഴടക്കിയ അച്ചന് ഏവരും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. നീണ്ട 15 വര്‍ഷത്തെ സേവനത്തിലൂടെ എന്നും മാതൃക കാട്ടിയ ഫാദര്‍ വിശ്വാസികള്‍ക്ക് ഗുരുവും നല്ലൊരു സുഹൃത്തും സഹോദരനും ഒക്കെയായിരുന്നു.

2006ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാനെത്തിയ ഫാദര്‍ സീറോ മലബാര്‍ കമ്യൂണിറ്റി പലയിടത്തും തുടങ്ങിയ കാലത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. വിശാലമായ കാഴ്ചപ്പാടുള്ള വ്യക്തിയെന്ന നിലയില്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ഗുണകരമായ കാര്യങ്ങള്‍ ചെയ്തു.

2006 മുതല്‍ 2021 വരെ നീണ്ട 15 വര്‍ഷത്തെ അച്ചന്റെ സേവനം ഒരു പുരോഹിതനില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിക്കേണ്ട എല്ലാ ഗുണഗണത്തിന്റെയും ആകെ തുക തന്നെയായിരുന്നു.

നാട്ടില്‍ വൈദീക വിദ്യാര്‍ത്ഥികളെ പഠിപ്പാക്കാനാണ് ഇനിയുള്ള ചുമതല. യുകെയിലെത്തി ബ്രിസ്‌റ്റോളില്‍ സീറോ മലബാര്‍ സഭയുടെ വലിയ സമൂഹമായി മാറ്റുന്നതില്‍ അച്ചന്റെ പ്രയത്‌നങ്ങള്‍ ചെറുതല്ല. വിശ്വാസികളെ സംബന്ധിച്ച് അദ്ദേഹം നിരവധി പുതിയ കാര്യങ്ങള്‍ കൊണ്ടുവന്നു..

വാത്സിങ്ങ്ഹാം  തീര്‍ത്ഥാടനത്തിന് ആദ്യമായി നേതൃത്വം നല്‍കി. പിന്നീട് ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടനം ഓരോരുത്തര്‍ക്കും പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിച്ചത്.

മറ്റൊന്ന് ദുഖ വെള്ളിയാഴ്ചയുടെ ഭാഗമായുള്ള മാല്‍വന്‍ മല കയറ്റമാണ്. ഏറ്റവും വലിയ മറ്റൊരു സേവനം യൂറോപ്പിലെ ആദ്യത്തെ ബൈബിള്‍ കലോത്സവം നടത്തിയെന്നതാണ്. ബ്രിസ്റ്റോൾ സീറോമലബാർ സമൂഹം യു കെയിലെ സീറോമലബാർ സമൂഹത്തിനായി നൽകിയ ഏറ്റവും വലിയ സംഭാവനയായിരുന്നു ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം.  വന്‍ ജനപങ്കാളിത്തമായി യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായി അത് മാറുകയും ഇന്ന് അത് പത്താം വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുമ്പോള്‍ ജോയ് അച്ചന്റെ നേതൃപാഠവം അതില്‍ തെളിഞ്ഞു കാണുന്നതാണ്.

യുകെയിലെ കത്തോലിക്കാ സഭയ്ക്ക് നല്‍കിയ വലിയ സംഭാവനയാണ് ബൈബിള്‍ കലോത്സവം. വിവിധ സ്ഥലങ്ങളില്‍ നിന്നു കുട്ടികള്‍ ബൈബിളിനെ കലാരൂപത്തില്‍ അവതരിപ്പിച്ച് ദൈവത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അത് ഏവരിലും ഉണ്ടാക്കിയ ഉണര്‍വ് വളരെ വലുതാണ്. ദൈവ വചനം കലാരൂപങ്ങളിലൂടെ ആസ്വാദ്യകരമായി വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കൂടുതല്‍ ജനകീയമായി. 

യുവജനങ്ങള്‍ക്ക് വേണ്ടിയും ഫാദര്‍ കുറേയധികം കാര്യങ്ങള്‍ ചെയ്തു നല്‍കി. സീറോ മലബാര്‍ രൂപതയ്ക്ക് അധ്യക്ഷനെത്തിയപ്പോള്‍ രൂപതാ മതബോധന ഡയറക്ടറായി ജോയ് വയലില്‍ നിയമിതനായി.

ദമ്പതി വര്‍ഷം, യുവജന വര്‍ഷം, കുടുംബ വര്‍ഷം എന്നിങ്ങനെ എല്ലാം വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള നിരവധി കാര്യങ്ങള്‍ അച്ചന്‍ സമ്മാനിച്ചു.

വേദ പഠനത്തിന് ഒരു ഘടന നല്‍കി. അച്ചന്‍ വളര്‍ത്തികൊണ്ടുവന്ന ഒരു തലമുറ തന്നെ ഉണ്ടായി. മക്കളെ പോലെ പരിപാലിച്ച് ഒരു വലിയ സമൂഹത്തിന് ഊര്‍ജ്ജമായി ഫാ ജോയ് വയലില്‍ മാറി.

ബ്രിസ്റ്റോളില്‍ എസ്ടിഎസ്എംസിസിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങു നടത്തിയപ്പോള്‍ അച്ഛന്‍ ഇനി നാട്ടില്‍പോകുകയാണെന്നത് ഏവരിലും വലിയ വേദനയാണ് സമ്മാനിച്ചത്. എന്നാല്‍ ഗുരുവും സഹോദരനും ആയി നല്ലൊരു തലമുറയെ വാര്‍ത്തെടുത്ത അച്ചന്റെ സേവനം വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നത് മികച്ച കാര്യം തന്നെ.  

ബ്രിസ്‌റ്റോള്‍ സമൂഹത്തിന് വേണ്ടി ശനിയും ഞായറാഴ്ചയുമായിട്ടാണ് യാത്രയയപ്പ് ചടങ്ങു നടത്തിയത്.ട്രസ്റ്റി ഷാജി വര്‍ഗീസ്,ഡീക്കന്‍ ജോസഫ് ഫിലിപ്പ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു. ഫാ പോള്‍ വെട്ടിക്കാട്ട് അച്ചന്റെ സേവനങ്ങള്‍ അനുസ്മരിക്കുകയും പുതിയ നിയോഗത്തില്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. സീറോ മലബാര്‍ രൂപത ഉണ്ടാകുന്നതിനു മുമ്പും ശേഷവും മികച്ച സേവനം നടത്തുകയും നല്ല വികാരിയച്ചൻ, സ്‌കോളര്‍, ഗുരു ,സഹോദരന്‍ എന്നിങ്ങനെ വിവിധ ചുമതലകള്‍ വഹിച്ച് വൈദീക ജീവിതം സമ്പുഷ്ടമാക്കുകയും ചെയ്യുകയാണ് ഫാ ജോയ് വയലിലെന്ന് ഫാ പോള്‍ വെട്ടിക്കാട്ടച്ചന്‍ പറഞ്ഞു.

യൂറോപ് മലയാളിയെ സംബന്ധിച്ചും പത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഫാ ജോയ് വയലില്‍ വലിയ പിന്തുണ നല്‍കിയ വ്യകതിയാണ്. അച്ചന്റെ ഭാവി ജീവിതത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
കൂടുതല്‍വാര്‍ത്തകള്‍.