സമ്മറില്‍ ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീങ്ങുമ്പോള്‍ ബ്രിട്ടനില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനം സംഭവിക്കുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതോടെ കൊവിഡ് ഇന്‍ഫെക്ഷനും, മരണങ്ങളും വീണ്ടും ഉയര്‍ന്ന് തുടങ്ങുമെന്നും സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) വ്യക്തമാക്കി.
ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ജനുവരിയിലെ നിലവാരത്തിലേക്ക് ഉയരുമെന്നാണ് സേജ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. മൂന്നാം ഘട്ട വ്യാപനം ജൂലൈ അവസാനത്തോടെയോ, ആഗസ്റ്റ് ആദ്യത്തിലോ പരമോന്നതിയില്‍ എത്തും.
ജൂണ്‍ 21ന് ഇതുവരെയുള്ള എല്ലാ നിയമപരമായ വിലക്കുകളും അവസാനിപ്പിക്കാനാണ് ബോറിസ് ജോണ്‍സന്റെ ദേശീയ റോഡ്മാപ്പ്. എന്നാല്‍ നാലാമത്തെയും, അവസാനത്തെയും വിലക്കുകള്‍ നീക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പത്തിലാകില്ലെന്നാണ് മൂന്ന് യൂണിവേഴ്‌സിറ്റികള്‍ നടത്തിയ മോഡലിംഗ് ആശങ്ക ഉന്നയിക്കുന്നത്.
വിലക്കുകള്‍ സമ്പൂര്‍ണ്ണമായി നീക്കുമ്പോഴാണ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് നയിക്കുകയെന്നാണ് സേജ് ശാസ്ത്രജ്ഞരുടെ നിലപാട്. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ ആശുപത്രി പ്രവേശനവും, മരണങ്ങളും കുറഞ്ഞ് നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.