ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക കൊവിഡ് വാക്‌സിനും, അപൂര്‍വ്വ ബ്ലഡ് ക്ലോട്ടും തമ്മില്‍ ബന്ധമുള്ളതായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി മേധാവിയുടെ സ്ഥിരീകരണം. വാക്‌സിന്‍ സുരക്ഷിതവും, ഫലപ്രദവുമാണെന്ന് യുകെ, യൂറോപ്യന്‍ യൂണിയന്‍ റെഗുലേറ്റര്‍മാര്‍ ആവര്‍ത്തിക്കുമ്പോഴാണ് വാക്‌സിനും, ബ്ലഡ് ക്ലോട്ടും തമ്മില്‍ ബന്ധമുള്ളതായി സ്ഥിരീകരിച്ച് ഇഎംഎ മേധാവി രംഗത്ത് വന്നിരിക്കുന്നത്.
യുകെ റെഗുലേറ്റര്‍ ബോഡി- എംഎച്ച്ആര്‍എ ബ്ലഡ് ക്ലോട്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍. ഇറ്റലിയിലെ ഇല്‍ മെസെജെറോ പത്രത്തോട് സംസാരിക്കവെയാണ് ഇഎംഎ വാക്‌സിന്‍ മേധാവി മാര്‍കോ കാവലേറി ആസ്ട്രാസെനെക വാക്‌സിനും, ബ്ലഡ് ക്ലോട്ടും തമ്മില്‍ ബന്ധമുണ്ടെന്നും, എന്നാല്‍ എന്താണ് ഇതിന് കാരണമാകുന്നതെന്ന് വ്യക്തമല്ലെന്നും വെളിപ്പെടുത്തിയത്.
'എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ വ്യക്തമായി പറയാം, വാക്‌സിനും ക്ലോട്ടും തമ്മില്‍ ബന്ധമുണ്ടെന്ന്. എന്നാല്‍ ഈ റിയാക്ഷന് കാരണമാകുന്നത് എന്താണെന്ന് നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ഏതാനും മണിക്കൂറില്‍ ഈ ബന്ധം സ്ഥിരീകരിച്ച് അറിയിപ്പ് ഇറക്കും, എന്നാല്‍ ഇപ്പോഴും ഇതിന്റെ കാരണം വ്യക്തമല്ല', കാവലേറി പറയുന്നു.
ആളുകള്‍ക്ക് ബ്ലഡ് ക്ലോട്ട് എന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന് വിശദമാക്കാന്‍ വ്യക്തമായ ചിത്രം ലഭിക്കാനാണ് ഇഎംഎ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ ലഭിച്ചവരില്‍ സെറെബ്രല്‍ ത്രോംബോസിസാണ് കൂടുതല്‍ കേസുകള്‍, മുന്‍പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഇത് ചെറുപ്പക്കാരിലാണ്, കാവലേറി കൂട്ടിച്ചേര്‍ത്തു.