ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് രോഗബാധിതനായ എഡിന്‍ബര്‍ഗ് ഡ്യൂക്ക് മകന്‍ ചാള്‍സ് രാജകുമാരനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മൂന്ന് സുപ്രധാന വിഷയങ്ങള്‍ മാത്രം സംസാരിച്ചെന്ന് റിപ്പോര്‍ട്ട്. താന്‍ മരിച്ചാല്‍ രാജ്ഞിയെ കെയര്‍ ചെയ്യുന്ന കാര്യത്തിലാണ് പിതാവ് മകനെ ഉപദേശിച്ചത്. കൂടാതെ രാജകുടുംബത്തെ മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ എങ്ങിനെ നയിച്ച് കൊണ്ടുപോകണമെന്നും ഫിലിപ്പ് രാജകുമാരന്‍ ചാള്‍സിനോട് വിശദമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രി കിടക്കയ്ക്ക് അരികിലിരുന്ന് പിതാവും, മകനും തമ്മില്‍ വികാരപരമായ കൂടിക്കാഴ്ചയാണ് നടത്തിയത്. ആശുപത്രിയില്‍ ആഴ്ചകള്‍ ചെലവഴിച്ചാലും തനിക്ക് രോഗമുക്തി ലഭിക്കില്ലെന്ന് ഫിലിപ്പ് രാജകുമാരന്‍ ഈ ഘട്ടത്തില്‍ മനസ്സിലാക്കിയിരുന്നു. ഇതോടെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങാനും ഇദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി രാജകീയ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. വിന്‍ഡ്‌സര്‍ കാസിലിലെ സ്വന്തം കിടക്കയില്‍ കിടന്ന് മരിക്കണമെന്നാണ് ഫിലിപ്പ് ആഗ്രഹിച്ചത്.
ഒടുവിലെ സമയത്ത് പിതാവും, മകനും സംസാരിച്ചപ്പോള്‍ സുദീര്‍ഘമായ ഒരു സേവന കാലയളവിന്റെ അവസാനം കൂടിയാണ് കുറിച്ചത്. ഒരുപാട് കാലം ഇരുവരും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഈ അടുത്ത വര്‍ഷങ്ങളിലാണ് ഡ്യൂക്കും, ചാള്‍സും തമ്മില്‍ അഭിപ്രായസമന്വയം വന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ ഏറെ അടുക്കുകയും ചെയ്തു. പല ബുദ്ധിപരമായ വിഷയങ്ങളിലും കൃത്യമായ നിലപാടുകളില്ലതിനാല്‍ ഫിലിപ്പും, ചാള്‍സും തമ്മില്‍ തുടര്‍ച്ചയായി പോരടിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും പരസ്പരം അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നതായി ശ്രോതസ്സുകള്‍ പറയുന്നു. പിതാവിന്റെ ആരോഗ്യം മോശമായത് മുതല്‍ ചാള്‍സ് സജീവമായി ഇതേക്കുറിച്ച് അന്വേഷണം നടത്തിവന്നു. ആശുപത്രി വാസവും, ഹാര്‍ട്ട് ഓപ്പറേഷനും കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോഴും ഫിലിപ്പ് രോഗബാധിതനായിരുന്നു. ഈ ഘട്ടത്തിലും ചാള്‍സ് പിതാവിന്റെ ആരോഗ്യവിഷയത്തില്‍ സജീവമായി അന്വേഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.