ആള്‍ദൈവങ്ങളുടെ പിടിയില്‍ ഭക്തി പുരസരം ചെന്നുചാടിക്കൊടുത്ത് കുഴിയില്‍ ചാടുന്ന പല കഥകളും നമ്മള്‍ ഇതിനകം കേട്ടറിഞ്ഞിട്ടുണ്ട്. ബ്രിട്ടനും ഇത്തരം പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആള്‍ദൈവങ്ങള്‍ക്കും, ഭക്തര്‍ക്കും, അതുമായി ബന്ധപ്പെട്ട് ഉയരുന്ന കേസുകള്‍ക്കും കുറവില്ല.
ഹിന്ദുത്വം വളച്ചൊടിച്ച് സ്വന്തം കാര്യത്തിനായി ഉപയോഗപ്പെടുത്തിയ ആത്മീയ നേതാവ് നാല് വനിതാ ഭക്തരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. 65-കാരനായ രാജീന്ദര്‍ കാലിയ താന്‍ 'ദൈവത്തിന്റെ അവതാരമാണെന്ന്' ഭക്തരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തന്റെ ശക്തിയും, സ്വാധീനവും ഉപയോഗിച്ച് കവന്‍ട്രിയിലെ ബെല്‍ ഗ്രീനിലുള്ള ബാബാ ബാലക് നാഥ് ക്ഷേത്രത്തില്‍ വെച്ച് നാല് വയസ്സ് വരെയുള്ള വിശ്വാസികളെയാണ് ചൂഷണം ചെയ്തത്.
തനിക്ക് എതിരെ പറയുന്ന ക്ഷേത്രത്തിലെ അംഗങ്ങളെ അക്രമിക്കാനും ഗുരു വിശ്വാസികളോട് ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെടുന്ന നാല് സ്ത്രീകളും ഇപ്പോള്‍ കവന്‍ട്രി ക്ഷേത്രത്തില്‍ അംഗങ്ങളല്ല. കഴിഞ്ഞ മാസം ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2017-ല്‍ ആവശ്യത്തിന് തെളിവുകളില്ലാത്തതിനാല്‍ കാലിയയ്ക്ക് എതിരായ പീഡന കേസ് തള്ളിയിരുന്നു. ഇന്ത്യയില്‍ ക്ലര്‍ക്കായി ജോലി ചെയ്ത വ്യക്തിയാണ് ഇംഗ്ലണ്ടില്‍ ആത്മീയ നേതാവായി മാറിയത്.
കാലിയയ്ക്ക് എതിരെ പരാതി ഉന്നയിച്ച സ്ത്രീക്ക് നേരെ ആസിഡ് അക്രമണ ഭീഷണി ഉയര്‍ന്നിരുന്നു. വാര്‍വിക്ക്ഷയറില്‍ സ്വിമ്മിംഗ് പൂള്‍ വരെയുള്ള വീട്ടിലാണ് കാലിയയുടെ താമസം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് കാലിയയ്ക്ക് എതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ ഒരുങ്ങുമ്പോഴാണ് പുതിയ കേസ്. ഹൈക്കോടതിയില്‍ കാലിയ എതിര്‍വാദം ഉന്നയിക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.