CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 40 Minutes 33 Seconds Ago
Breaking Now

തലസ്ഥാനത്തെ നയിക്കാന്‍ കുടിയേറ്റക്കാരുടെ മകന്‍! ലണ്ടന്‍ രണ്ടാം വട്ടവും ഈ പാക് വംശജനൊപ്പം! ഭൂരിപക്ഷം ഇടിഞ്ഞിട്ടും സാദിഖ് ഖാന്‍ കസേര ഉറപ്പിച്ചത് ലേബര്‍ പാര്‍ട്ടിക്ക് 'ഓക്‌സിജന്‍'; ബ്രിസ്റ്റോളിലും ലേബര്‍ മേയര്‍; യുകെയുടെ മറ്റിടങ്ങളില്‍ ടോറി മുന്നേറ്റം

രണ്ട് വട്ടം മേയര്‍ പദവി ലഭിച്ച സാദിഖ് ഖാന്‍ അടുത്ത തവണ ഡൗണിംഗ് സ്ട്രീറ്റിലേക്ക് മുന്‍ഗാമികളുടെ പാത പിന്തുടരാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ വീണ്ടും ജയിച്ചുകയറി. നേരത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കണ്‍സര്‍വേറ്റീവ് എതിരാളി ഷോണ്‍ ബെയ്‌ലിയെ സാദിഖ് ഖാന് ഇക്കുറി തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. 2016ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പാശ്ചാത്യ തലസ്ഥാനത്ത് മേയറാകുന്ന ആദ്യ മുസ്ലീമായിരുന്നു ഖാന്‍. 

1.2 മില്ല്യണ്‍ വോട്ടുകള്‍ നേടിയാണ് സാദിഖ് ഖാന്‍ രണ്ടാം വട്ടവും മേയര്‍ പദവി ഉറപ്പിച്ചത്. 977,601 വോട്ടുകളാണ് ബെയ്‌ലിക്ക് ലഭിച്ചത്. 228,433 വോട്ടുകളുടെ ഭൂരിപക്ഷം. മഹാമാരി മൂലം ഒരു വര്‍ഷം നീട്ടിവെച്ച തെരഞ്ഞെടുപ്പായതിനാല്‍ സാദിഖ് ഖാന് മൂന്ന് വര്‍ഷമാണ് ഭരണത്തില്‍ ഇരിക്കാന്‍ കഴിയുക. ഖാന്റെ ഭൂരിപക്ഷം തകര്‍ന്നത് ടോറികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നു. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മറ്റ് ഇടങ്ങളില്‍ തകര്‍ന്നടിഞ്ഞ ലേബര്‍ പാര്‍ട്ടിക്ക് തലസ്ഥാന മേയര്‍ പദവി നഷ്ടമായില്ലെന്നത് ആശ്വാസമായി. 

ഇതിന് പുറമെ ബ്രിസ്റ്റോള്‍ മേയര്‍ പദവിയിലേക്ക് വീണ്ടും ലേബര്‍ പാര്‍ട്ടിയുടെ മാര്‍വിന്‍ റീസ് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയം ഇവിടെ ഒതുങ്ങുന്നു. വിവിധ സമൂഹങ്ങളും, സിറ്റി ഹാളും സര്‍ക്കാരും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ പണിയാനാണ് താന്‍ ശ്രമിക്കുകയെന്ന് വിജയ പ്രസംഗത്തില്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഖാന്റെ പ്രചരണം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പതിവായി വിമര്‍ശിക്കുന്ന രീതിയായിരുന്നു മേയര്‍ സ്വീകരിച്ചിരുന്നത്. 

രണ്ട് വട്ടം മേയര്‍ പദവി ലഭിച്ച സാദിഖ് ഖാന്‍ അടുത്ത തവണ ഡൗണിംഗ് സ്ട്രീറ്റിലേക്ക് മുന്‍ഗാമികളുടെ പാത പിന്തുടരാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിയേറ്റക്കാരുടെ മകനായി കൗണ്‍സില്‍ എസ്‌റ്റേറ്റില്‍ വളര്‍ന്ന തന്റെ വേരുകളെ കുറിച്ച് ചൂണ്ടിക്കാണിക്കാനും ഖാന്‍ വിജയ പ്രസംഗ വേദി ഉപയോഗപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.