CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 19 Seconds Ago
Breaking Now

സിഖ് വംശജന്റെ ജീവനെടുത്തത് 'വ്യാജ ഗുസി ബാഗ്'? ലണ്ടനില്‍ കൗമാരക്കാരുടെ കൊലപാതകം ഒരു ദശകത്തിനിടെ മാരകമായ നിലയില്‍; തലസ്ഥാനത്തെ തെരുവില്‍ ഈ വര്‍ഷത്തെ 28-ാമത്തെ ഇരയെ സൃഷ്ടിച്ചത് കൈയിലുണ്ടായിരുന്ന ബാഗ്; ഒറിജിനലെന്ന് തെറ്റിദ്ധരിച്ച് തട്ടിയെടുക്കാനുള്ള ശ്രമം 16-കാരന്റെ ജീവന്‍ കവര്‍ന്നു

കൈയിലുണ്ടായിരുന്ന ബാഗിന്റെ പേരിലാണ് ഈ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അടുത്തുള്ള ഷോപ്പുടമ

ലണ്ടനില്‍ മനുഷ്യനെ കുത്തിക്കൊല്ലുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് കൊവിഡ് മഹാമാരിക്ക് മുന്‍പ് വരെ ഒരു സാധാരണ കാര്യമായി. വൈറസ് ആഞ്ഞടിച്ചതോടെ അല്‍പ്പമൊന്ന് ശമനം ലഭിച്ച കൊലപാതകങ്ങള്‍ ഈ വര്‍ഷം വീണ്ടും വ്യാപകമാകുകയാണ്. ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന കൊലപാതക പരമ്പരയാണ് കൗമാരക്കാര്‍ക്കിടയില്‍ ഇക്കുറി അരങ്ങേറുന്നത്. ഇതിന്റെ ഒടുവിലത്തെ ഇരയാകട്ടെ ഒരു സിഖ് വംശജനും. 

അനാവശ്യ കാര്യത്തിനാണ് 16-കാരനായ റിഷ്മീത്ത് സിംഗിന് ജീവന്‍ നഷ്ടമായതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിഷ്മീത്തിന്റെ കൈയിലുണ്ടായിരുന്ന 'വ്യാജ ഗുസി ബാഗ്' ഒറിജിനലാണെന്ന് കരുതിയാണ് അക്രമികള്‍ ഇത് തട്ടിയെടുക്കാന്‍ ശ്രമിച്ചതും, കൗമാരക്കാരനെ കൊലപ്പെടുത്തിയതും. ലണ്ടനില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന 28-ാമത്തെ കൗമാരക്കാരനാണ് റിഷ്മീത്ത് സിംഗ്. 2008ല്‍ 29 കൗമാരക്കാര്‍ക്ക് ജീവന്‍ നഷ്ടമായ റെക്കോര്‍ഡിന് അരികിലാണ് 2021 എത്തിനില്‍ക്കുന്നത്. 

സിഖ് വംശജന്റെ മരണത്തിന് പിന്നാലെ കത്തികള്‍ പിടിച്ചെടുക്കാനിറങ്ങിയ ഓഫീസര്‍മാര്‍ 300 കത്തികളും, ആയിരത്തോളം അറസ്റ്റുകള്‍ ഒരാഴ്ച കൊണ്ട് നടത്തിയെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പ്രഖ്യാപിച്ചു. ക്രോയ്‌ഡോണില്‍ 14-കാരനായ ജെര്‍മെയിന്‍ കൂള്‍സ് കത്തി അക്രമണത്തില്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് റിഷ്മീത്ത് സിംഗ് കൊല്ലപ്പെടുന്നത്. 

അഫ്ഗാന്‍ സിഖ് കുടുംബത്തില്‍ നിന്നുള്ള റിഷ്മീത്ത് പലവിധ ജോലികള്‍ ചെയ്താണ് വികലാംഗത്വമുള്ള അമ്മയെ നോക്കുന്നത്. കൊല്ലപ്പെടുത്തിന് തൊട്ടടുത്തുള്ള ഷോപ്പിന് മുകളിലാണ് ഇവര്‍ താമസിച്ച് വന്നത്. തന്റെ ഏക മകന്‍ കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നു. 

കൈയിലുണ്ടായിരുന്ന ബാഗിന്റെ പേരിലാണ് ഈ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അടുത്തുള്ള ഷോപ്പുടമ പറഞ്ഞു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അക്രമം നടന്നത്. പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി കുത്തേറ്റ റിഷ്മീത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും 16-കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.