പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത്. രണ്ട് പ്രധാനമന്ത്രിമാരുടെ കസേര തെറിപ്പിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധി വരെ ബോറിസിന് സാധിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് മഹാമാരി ഇപ്പോള്‍ അദ്ദേഹത്തിന്റെ കസേരയ്ക്ക് ഇളക്കമേല്‍പ്പിക്കുകയാണ്. താന്‍ ജനങ്ങള്‍ക്കായി നിശ്ചയിച്ച വിലക്കുകള്‍ സ്വയം അനുസരിച്ചില്ലെന്ന വെളിപ്പെടുത്തലുകളാണ് പ്രധാനമന്ത്രിക്ക് പാരയാകുന്നത്.
ഡൗണിംഗ് സ്ട്രീറ്റില്‍ ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ പണികിട്ടുമെന്ന് ക്യാബിനറ്റ് മന്ത്രി തന്നെ സൂചന നല്‍കി. നം.10 ഗാര്‍ഡണില്‍ നടന്ന പാര്‍ട്ടിയെ കുറിച്ച് പ്രധാനമന്ത്രി നിശബ്ദത ഭേദിച്ച് തുറന്ന് സംസാരിക്കണമെന്ന് ടോറി എംപിമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ താനും, ഭാര്യയും പാര്‍ട്ടികള്‍ അനധികൃതമായ ഘട്ടത്തില്‍ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുത്തോയെന്ന് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. 2020 മെയ് 20ന് നടന്ന 'സ്വന്തമായി ഡ്രിങ്ക്‌സ്' കൊണ്ടുവന്നുള്ള പരിപാടിയെ പൂര്‍ണ്ണമായി നിഷേധിക്കാന്‍ നം.10നും ഒരുക്കമല്ല. രോഷം പിടിവിട്ട് ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ചോദ്യോത്തര വേളയില്‍ ഇതേക്കുറിച്ച് പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം തന്റെ മുന്‍ മേധാവിക്ക് എതിരെ ഡൊമനിക് കുമ്മിംഗ്‌സ് നടത്തുന്ന യുദ്ധമാണ് ഇതെന്ന് സംശയം ബലപ്പെടുന്നുണ്ട്. ബോറിസിന് രാഷ്ട്രീയപരമായി പിടിച്ചുനില്‍ക്കാന്‍ 20% സാധ്യത മാത്രമാണുള്ളതെന്നാണ് ഇദ്ദേഹത്തിന്റെ അനുയായികളുടെ നിലപാട്. ബോറിസിന് എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുമ്മിംഗ്‌സ് തന്നെയാണ് പാര്‍ട്ടി നടത്തിയ വിവരങ്ങളും പുറത്തുവിട്ടത്.