രാജ്യത്തെ ജനങ്ങള്‍ക്ക് മറ്റൊരാളെ മാത്രം കാണാന്‍ അനുമതിയുണ്ടായിരുന്ന ലോക്ക്ഡൗണ്‍ സമയത്ത് നൂറോളം പേര്‍ക്ക് ക്ഷണക്കത്ത് അയച്ച് നടത്തിയ മദ്യപാന പാര്‍ട്ടിയുടെ പേരില്‍ മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച് ബോറിസ് ജോണ്‍സണ്‍. കോമണ്‍സില്‍ മാപ്പ് പറഞ്ഞ ബോറിസിന് പരസ്യ പിന്തുണ നല്‍കാന്‍ ഉത്തരവ് വന്നതിനെ തുടര്‍ന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ ഒന്നായി ന്യായീകരണവുമായി രംഗത്ത് വന്നു. എന്നാല്‍ അത്ര താല്‍പര്യമില്ലാതെ മാപ്പ് പറഞ്ഞത് നന്നായെന്ന് മാത്രം പ്രതികരിച്ച് ചാന്‍സലര്‍ ഋഷി സുനാക് വിവാദത്തില്‍ നിന്നും അകലം പാലിച്ചു.
ലണ്ടനില്‍ നിന്നും ഡിവോണിലേക്ക് യാത്ര ചെയ്ത് പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയില്‍ പങ്കെടുക്കാതിരിക്കാനും ചാന്‍സലര്‍ ശ്രദ്ധിച്ചു. എന്നാല്‍ വൈകുന്നേരത്തോടെ ട്വിറ്ററിലൂടെ 'മാപ്പ് പറയുന്നതായിരുന്നു ശരിയെന്ന്' സുനാക് പ്രതികരണം അറിയിച്ചു. ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്, ഹോം സെക്രട്ടറി പ്രീതി പട്ടേല്‍, ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ്, കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവ് എന്നിവര്‍ നേരിട്ടും, സോഷ്യല്‍ മീഡിയ വഴിയും പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണ അറിയിച്ചു.
കോമണ്‍സിലെ പ്രസ്താവന ടോറി ബാക്ക്‌ബെഞ്ചേഴ്‌സിന്റെ രോഷം ശമിപ്പിക്കാത്ത സാഹചര്യത്തിലാണ് മന്ത്രിമാര്‍ പിന്തുണയുമായി അണിനിരന്നത്. വിവാദത്തില്‍ നിന്നും അകലം പാലിച്ച് ചാന്‍സലര്‍ സ്വയം വിനാശം വരുത്തുമെന്ന് ഒരു മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാവ് പ്രതികരിച്ചു. എന്നാല്‍ 2020 മെയ് 20ന് നടന്ന മദ്യപാന പാര്‍ട്ടിയില്‍ 25 മിനിറ്റ് ചെലവഴിച്ചതായി പ്രധാനമന്ത്രി സമ്മതിച്ചതോടെ ബോറിസ് രാജിവെയ്ക്കണമെന്ന ആവശ്യമാണ് മറ്റ് എംപിമാര്‍ ഉയര്‍ത്തുന്നത്.
സ്‌കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ റോസ് അത്ര വലിയ നേതാവല്ലെന്നാണ് കോമണ്‍സ് നേതാവ് ജേക്കബ് റീസ് മോസിന്റെ പ്രതികരണം. ജോലിയുമായി ബന്ധപ്പെട്ടുള്ള പരിപാടിയാണ് എന്ന് കരുതിയാണ് താന്‍ പാര്‍ട്ടിക്ക് എത്തിയതെന്നാണ് ബോറിസിന്റെ അവകാശവാദം.