വിവാദമായ കൊവിഡ് സര്‍ട്ടിഫിക്കേഷന്‍ പാസുകള്‍ ഈ മാസം റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ഈ നയത്തെ ഇല്ലാതാക്കിയതോടെയാണ് പാസുകളുടെ ആവശ്യം ഇല്ലാതാകുന്നത്. ഒമിക്രോണ്‍ കേസുകളില്‍ അയവ് വരുന്ന സാഹചര്യത്തില്‍ കൊവിഡ്-19 സര്‍ട്ടിഫിക്കേഷന്‍ ആവശ്യമല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ഉറപ്പിച്ചതോടെയാണ് ഈ നീക്കം.
വ്യാഴാഴ്ച ദൈനംദിന കേസുകളില്‍ 40 ശതമാനത്തോളമാണ് കുറവ് വന്നിരിക്കുന്നത്. 109,133 പോസിറ്റീവ് കേസുകളാണ് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പോസിറ്റീവ് ടെസ്റ്റുകളില്‍ ആഴ്ചതോറും കുറവ് വരുന്നത്.
ജനുവരി 26ന് പ്ലാന്‍ ബി നിയമങ്ങള്‍ പുനഃപ്പരിശോധിക്കുമ്പോള്‍ വര്‍ക്ക് ഫ്രം ഹോം നിബന്ധന ഒഴിവാക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. ഫെബ്രുവരി മാസത്തോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന മാത്രമാകും നിലവിലുണ്ടാകുന്ന ഏക വിലക്ക്.
ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും ഇന്‍ഫെക്ഷന്‍ ചുരുങ്ങുന്നതായി പ്രചോദനമേകുന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ജാവിദ് എംപിമാരോട് പറഞ്ഞു. എന്‍എച്ച്എസ് ഇതുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ സമ്മര്‍ദത്തിലൂടെ കടന്നുപോകുകയാണെങ്കിലും കൊവിഡ്-19 ബാധിച്ച് ഇന്റന്‍സീവ് കെയറിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നില്ലെന്നതാണ് ഗുണകരമാകുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നുമില്ല. ഒമിക്രോണ്‍ ഭീതിയിലാണ് വാക്‌സിനെടുത്ത രേഖയോ, നെഗറ്റീവാണെന്ന് തെളിയിക്കുകയോ ചെയ്ത് വേണം ഇംഗ്ലണ്ടിലെ നൈറ്റ് ക്ലബുകളിലും, വലിയ പരിപാടികള്‍ക്കും ആളുകള്‍ പ്രവേശിക്കാനെന്ന നിബന്ധന നടപ്പാക്കിയത്.