റെയില്‍വെ ജീവനക്കാര്‍ ഈയാഴ്ച സമരത്തിന് ഇറങ്ങുമ്പോള്‍ ഒരു തലമുറ കാണാത്ത ഏറ്റവും വലിയ റെയില്‍ പണിമുടക്കിനാണ് ബ്രിട്ടന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ഈ സമരം ഒരു തുടക്കം മാത്രമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എന്‍എച്ച്എസ് ജീവനക്കാരും, ടീച്ചേഴ്‌സും, ബാരിസ്‌റ്റേഴ്‌സും, പോസ്റ്റ്‌മെന്‍ എന്നിങ്ങനെ പോകുന്നു സമരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന മറ്റ് വിഭാഗങ്ങള്‍.
സാധാരണ നിലയിലുള്ള സേവനങ്ങള്‍ 20% മാത്രമായി വെട്ടിച്ചുരുക്കുന്നതിന് പുറമെ ചില മേഖലയില്‍ റെയില്‍ സേവനങ്ങള്‍ സമ്പൂര്‍ണ്ണമായി നിലയ്ക്കും. ഏറ്റവും അത്യാവശ്യമല്ലെങ്കില്‍ യാത്രകള്‍ക്ക് ഇറങ്ങരുതെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. പണിമുടക്കിനെ തുടര്‍ന്ന് ദേശീയ ശൃംഖല തന്നെ സ്തംഭിക്കാന്‍ ഇടയുള്ളതിനാലാണ് ഇത്.
ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്ന സമരങ്ങള്‍ സ്വാര്‍ത്ഥതയാണെന്നാണ് ടോറി പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡെന്റെ ആരോപണം. റെയില്‍ സമരങ്ങളെ അപലിക്കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. റെയില്‍, ട്യൂബ് സമരങ്ങള്‍ മൂലം സമ്പദ് വ്യവസ്ഥയ്ക്ക് 91 മില്ല്യണ്‍ പൗണ്ട് നഷ്ടമാണ് സംഭവിക്കുന്നതെന്നാണ് സിഇബിആര്‍ കണക്ക്.
ഇതിന് പുറമെയാണ് ഇപ്പോള്‍ രണ്ട് അധ്യാപക യൂണിയനുകള്‍ ശമ്പളത്തിന്റെ പേരില്‍ സമരം നടത്തുന്ന കാര്യം ചിന്തിക്കുന്നത്. അര മില്ല്യണ്‍ ഹെല്‍ത്ത് സര്‍വ്വീസ് സ്റ്റാഫും സമരനടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. നഴ്‌സുമാരും, ഡോക്ടര്‍മാരും ബാലറ്റിനിട്ട് വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം സുപ്രധാനമാണ്. ആളുകള്‍ക്ക് സഹിച്ച് മടുത്തത് കൊണ്ടാണ് വിവിധ യൂണിയനുകള്‍ ബാലറ്റിംഗ് നടത്തുന്നതെന്ന് ആര്‍എംടി യൂണിയന്‍ മേധാവി മിക്ക് ലിഞ്ച് പ്രതികരിച്ചു.