ശിക്ഷിക്കപ്പെട്ട ഗുണ്ടകളെയും, ലൈംഗിക കുറ്റവാളികളെയും ക്രിസ്മസിന് ഒരാഴ്ച മുന്‍പ് തുറന്നുവിടുന്നു. വീക്കെന്‍ഡും, പബ്ലിക് ഹോളിഡേയും എത്തുന്നതിന് ചുരുങ്ങിയത് രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്ക് മുന്‍പ് യോഗ്യരായ തടവുകാരെ പുറത്തുവിടണമെന്നാണ് പുതിയ ജയില്‍ നിബന്ധന വ്യക്തമാക്കുന്നത്.
ഇതോടെ ഡിസംബര്‍ 22-നും, ബോക്‌സിംഗ് ഡേയ്ക്കും ഇടയിലായി സ്വാതന്ത്ര്യം ലഭിക്കേണ്ട കുറ്റവാളികളെ ഡിസംബര്‍ 20ന് തന്നെ പുറത്തുവിടും. ക്രിസ്മസിന് മുന്‍പ് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ പുറത്തിറങ്ങുന്നത് പല ഇരകളെയും സംബന്ധിച്ച് മോശം വാര്‍ത്തയാകും. 'പിന്നാലെ നടന്ന് ശല്യം ചെയ്യുന്നവരും, അക്രമികളായ മുന്‍ പങ്കാളികളും ക്രിസ്മസിന് ഒരുങ്ങവെ സ്വാതന്ത്ര്യം നേടുന്നത് പലര്‍ക്കും ദുഃസ്വപ്‌നമായി മാറും. ലൈംഗിക കുറ്റവാളികളെയും, ക്രൂരരായ കുറ്റവാളികളെയും ഒഴിവാക്കിയില്ലെന്നത് അസ്വാഭാവികമാണ്', ശ്രോതസ്സുകള്‍ വ്യക്തമാക്കി.
2017-ല്‍ ക്രിസ്മസ് തിങ്കളാഴ്ച ആയതിനാല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് 505 തടവുകാരെയാണ് പുറത്തുവിട്ടത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടെന്നതിന് ശക്തമായ തെളിവ് ഇല്ലാത്ത പക്ഷം നയം പിന്തുടരാനാണ് പുതിയ നിബന്ധനയില്‍ വ്യക്തമാക്കുന്നത്. ജയിലുകളില്‍ ആള്‍ത്തിരക്ക് കൂടുന്നതിനാല്‍ കുറ്റവാളികളെ ജയിലിലേക്ക് അയയ്ക്കുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞ മാസം ഉത്തരവ് വന്നിരുന്നു.
എന്നാല്‍ കുറ്റവാളികളെ 18 ദിവസം മുന്‍പെ പുറത്തുവിടാനുള്ള കഴിഞ്ഞ മാസത്തെ സ്‌കീമില്‍ അക്രമികളും, ലൈംഗിക കുറ്റവാളികളും ഉള്‍പ്പെടില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്ക് വ്യക്തമാക്കിയതാണ്. ഇതിന് വിരുദ്ധമായാണ് പുതിയ ഉത്തരവ്. കൂടാതെ ഡിസംബര്‍ 29 മുതല്‍ ജനുവരി 1 വരെ ദിവസങ്ങളില്‍ പുറത്തിറങ്ങേണ്ട പ്രതികളും ഒരാഴ്ച മുന്‍പ് പുറത്തിറങ്ങും.