കഴിഞ്ഞ വര്‍ഷം ഋഷി സുനാക് നല്‍കിയത് അര മില്ല്യണ്‍ പൗണ്ട് നികുതി. ഏറ്റവും പുതിയ നികുതി റിട്ടേണിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രി പുറത്തുവിട്ടതോടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിപരമായ വരുമാനത്തിന്മേല്‍ ഏകദേശം 508,308 പൗണ്ട് നികുതി നല്‍കിയതായി പ്രധാനമന്ത്രി ഫയല്‍ ചെയ്തു.
മുന്‍ വര്‍ഷം 432,493 പൗണ്ടായിരുന്ന നികുതിയില്‍ 75,000 പൗണ്ട് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2019-20 വര്‍ഷത്തില്‍ 227,350 പൗണ്ടായിരുന്നു നികുതി. നികുതിയില്‍ ഭൂരിഭാഗവും, ഏകദേശം 359,250 പൗണ്ടും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സാണ്. ഷെയറുകള്‍ക്കും, മറ്റ് നിക്ഷേപങ്ങള്‍ക്കുമായാണ് ഇത് നല്‍കുന്നത്.
ശതകോടീശ്വരനായ പ്രധാനമന്ത്രിക്ക് ഒരു ട്രസ്റ്റില്‍ നിക്ഷേപമുണ്ട്. ഇവര്‍ 1.8 മില്ല്യണ്‍ നേട്ടമുണ്ടാക്കിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം നികുതിക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ഋഷി സുനാകിന്റെ വരുമാനം 2.22 മില്ല്യണ്‍ പൗണ്ടാണ്. ശമ്പളവും, മറ്റ് വരുമാനങ്ങളും കണക്കാക്കിയാല്‍ 23 ശതമാനമാണ് ടാക്‌സ് നിരക്ക്.
പ്രധാനമന്ത്രി നേരിട്ടാണ് തന്റെ നികുതി വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 508,308 പൗണ്ടാണ് നികുതിയായി നല്‍കിയതെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടില്‍ നിന്നാണ് സുനാകിന്റെ നിക്ഷേപ വരുമാനവും, ക്യാപ്പിറ്റല്‍ ഗെയിനും വരുന്നത്. മന്ത്രിയായും, പ്രധാനമന്ത്രിയായും ജോലി ചെയ്തതില്‍ നിന്നും 139,477 പൗണ്ട് ശമ്പളവും സുനാകിന് ലഭിച്ചു.