സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ സിഖ് സമൂഹത്തെ മുസ്ലീങ്ങളായി തെറ്റിദ്ധരിച്ചതിന് ലണ്ടനിലെ ബിര്‍മിംഗ്ഹാം സര്‍വകലാശാലയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുകെയിലെ സിഖ് സമൂഹം. സര്‍വകലാശാലയ്ക്ക് പറ്റിയ പിഴവില്‍ നിരാശ പ്രകടിപ്പിച്ച അവര്‍ 2024ലും ഇത്തരം തെറ്റുകള്‍ സംഭവിക്കരുതെന്ന് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് സര്‍വകലാശാല നീക്കം ചെയ്യുകയും തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. അടുത്തിടെ സിഖ് വിദ്യാര്‍ഥികള്‍ നടത്തിയ ലംഗാര്‍ (കമ്മ്യൂണിറ്റി മീല്‍) മുസ്ലീം സമൂഹത്തിന്റെ പരിപാടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ദ ബിര്‍മിംഗ്ഹാം മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
സര്‍വകലാശാലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബിര്‍മിംഗ്ഹാം ജീവനക്കാരന്‍ സിഖ് സമൂഹം നടത്തുന്ന 20 വര്‍ഷം പഴക്കമുള്ള പരിപാടിയെ ഡിസ്‌കവര്‍ ഇസ്ലാം വീക്ക് ആയി ടാഗ് ചെയ്യുകയായിരുന്നു. സര്‍വകലാശാല ക്യാംപസില്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി സിഖ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലംഗാര്‍ നടത്തി വരുന്നുണ്ട്. എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടയാളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന സമൂഹ അടുക്കളയാണ് ലാംഗര്‍. സിഖ് പാരമ്പര്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. യുകെയിലുള്ള 15 സര്‍വകലാശാലകളില്‍ സമാനമായ പരിപാടി നടത്തി വരുന്നുണ്ട്.
സിഖ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സസ്യാഹാരമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വര്‍ഷങ്ങളായി സര്‍വകലാശാലയില്‍ ഈ പരിപാടി നടത്തിവന്നിട്ടും ഇസ്ലാമിക സമൂഹം സംഘടിപ്പിക്കുന്ന വാര്‍ഷികപരിപാടിയായ ഡിസ്‌കവര്‍ ഇസ്ലാം വീക്കുമായി തെറ്റിദ്ധരിപ്പിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കിയത്. സര്‍വകലാശാലയിലെ ചുമതല നിര്‍വഹിക്കുന്നവര്‍ അവിടെയുള്ള വിവിധ സമുദായങ്ങളെക്കുറിച്ച് അജ്ഞരാണെന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് സിഖ് പ്രസ് അസോസിയേഷന്‍ സീനിയര്‍ പ്രസ് ഓഫീസര്‍ ജസ്വീര്‍ സിങ്ങിനെ ഉദ്ധരിച്ച് ബിര്‍മിംഗ്ഹാം മെയില്‍ റിപ്പോര്‍ട്ടു ചെയ്തു. ബിര്‍മിംഗ്ഹാം സര്‍വകലാശാല സിഖ് മതത്തിലെ തത്വങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
ഇതേ സമുദായത്തില്‍ നിന്നുള്ളവരെ അധ്യാപകരായി നിയമിക്കാറുമുണ്ട്. സര്‍വകലാശാല ക്യാംപസില്‍ സിഖ് പരിപാടികള്‍ പതിവായി സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വളരെ നിരാശാജനകമാണ്. ജീവനക്കാര്‍ക്ക് ശരിയായ പരിശീലനവും അവബോധവും നല്‍കണമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ലജ്ജിപ്പിക്കുന്നതാണെന്ന് സമൂഹ മാധ്യമത്തില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടു. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് നീക്കം ചെയ്ത് സര്‍വകലാശാല മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് പങ്കുവെച്ച തെറ്റിനും അത് മൂലമുണ്ടായ ബുദ്ധിമുട്ടിനും സര്‍വകലാശാല ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ച പോസ്റ്റില്‍ തെറ്റുപറ്റിയതായി കണ്ടെത്തി. ഇതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്, ബര്‍മിംഗ്ഹാം സര്‍വകലാശാലാ വക്താവ് പറഞ്ഞു.